എം.ബി.ബി.എസ് പ്രവേശനം: സംസാരശേഷി പരിമിതി തടസ്സമാകരുത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംസാരശേഷി പരിമിതി ഉള്ളതുകൊണ്ട് മാത്രം ആ വ്യക്തിയുടെ എം.ബി.ബി.എസ് പ്രവേശനം നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഉദ്യോഗാർഥികളെ എങ്ങനെ അയോഗ്യരാക്കണമെന്ന സമീപനമല്ല ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) സ്വീകരിക്കേണ്ടത്. പകരം, ഭിന്നശേഷി നിർണയ ബോർഡ് വിദ്യാർഥിയുടെ ഭിന്നശേഷി വിലയിരുത്തിവേണം തീരുമാനമെടുക്കേണ്ടത്. എന്നാൽ, ഇത് അന്തിമമല്ലെന്നും നിയമസംവിധാനങ്ങൾക്ക് ഇത് പരിശോധിക്കാമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അരവിന്ദ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എം.ബി.ബി.എസ് പ്രവേശനം തേടി 40-45 ശതമാനം സംസാരശേഷി പരിമിതിയുള്ള മഹാരാഷ്ട്രയിലെ വിദ്യാർഥി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ, 40 ശതമാനത്തിലധികം സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ എം.ബി.ബി.എസ് പ്രവേശനത്തിൽനിന്ന് വിലക്കിയിരുന്ന 1997ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ നിയമം അസാധുവാകും.
ഹരജിക്കാരനായ വിദ്യാർഥിക്ക് എം.ബി.ബി.എസ് പ്രവേശനം അനുവദിക്കാമെന്ന് കോടതി നിയോഗിച്ച മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിശദ വിധിന്യായം പിന്നീട് പുറപ്പെടുവിക്കുമെന്ന് അറിയിച്ച് സെപ്റ്റംബർ 18ന് ഉത്തരവിട്ടു. ചൊവ്വാഴ്ചയാണ് വിശദവിധി പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

