ന്യൂഡൽഹി: പോക്സോ കേസുകളിൽ, മതിയായ പരിശീലനം സിദ്ധിച്ചവരെ വേണം പബ്ലിക് പ്രോസി ക്യൂട്ടർമാരായി നിയമിക്കാനെന്ന് സുപ്രീംകോടതി. ഇവർക്ക് കുഞ്ഞുങ്ങളായ ഇരകളിൽനിന്നും സാക്ഷികളിൽനിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള പരിശീലനം നൽകണം.
ശാരീരികമായും മാനസികമായും ഏറെ തളർന്നവരെ വിവരങ്ങൾ അന്വേഷിക്കുന്നതിെൻറ മറവിൽ വീണ്ടും തളർത്തുന്നത് നീതീകരിക്കാനാവില്ല. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിനൊപ്പം അവർക്ക് കുട്ടികളിൽനിന്ന് വിവരംശേഖരിക്കുന്നതിൽ ആധുനിക പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് ദീപക് ഗുപ്തയും അനിരുദ്ധ ബോസും അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാട്ടി. പോക്സോ കേസുകൾക്ക് മാത്രമായി പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകിയ കാര്യവും ബെഞ്ച് എടുത്തുപറഞ്ഞു.
കുട്ടികളുമായി ബന്ധപ്പെട്ട നിയമത്തിൽ മാത്രമല്ല, അവരുടെ മനഃശാസ്ത്രം, പെരുമാറ്റം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും വിശദമായ പരിശീലനം നൽകേണ്ടതുണ്ട് -കോടതി ചൂണ്ടിക്കാട്ടി.