ഇ.ഡിയുടെ പ്രത്യേക അധികാരങ്ങൾ പുനഃപരിശോധിക്കും; പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ ആവശ്യം അംഗീകരിച്ച് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ) വിവാദ വ്യവസ്ഥകൾ ശരിവെച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) പ്രത്യേക അധികാരം നൽകി 2022ൽ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കും.
വിധിയിലൂടെ ഇ.ഡിക്ക് നൽകിയ അധികാരം ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രസർക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനത്തിനിടയിലാണ് സുപ്രീംകോടതിയുടെ നിർണായക തീരുമാനം. വിവാദ വിധിക്കെതിരെ കോൺഗ്രസ് നേതാവും എം.പിയുമായ കാർത്തി ചിദംബരം കഴിഞ്ഞ വർഷം ആഗസ്റ്റിൽ നൽകിയ പുനഃപരിശോധന ഹരജിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് ഒക്ടോബർ 18ന് പരിഗണിക്കുക.
ഇ.ഡിയുടെ ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്) നേതാവ് കെ. കവിത സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടയിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ആണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. കവിത സമർപ്പിച്ച ഹരജി തീർപ്പാക്കുന്നതുവരെ അവരെ ചോദ്യം ചെയ്യുന്നത് ബെഞ്ച് വിലക്കി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അനുസരിച്ച് ഇ.ഡി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ജാമ്യം കിട്ടാൻ രണ്ട് അധിക ഉപാധികൾ വെച്ച 45(1)-ാം വകുപ്പ് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾ അനുവദിക്കുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, സഞ്ജയ് കിഷൻ കൗൾ എന്നിവരടങ്ങുന്ന ബെഞ്ച് 2017 നവംബർ 23ന് റദ്ദാക്കിയിരുന്നു.
പ്രതി അത്തരമൊരു കുറ്റകൃത്യം ചെയ്യില്ല എന്ന് കരുതാവുന്ന സാഹചര്യവും ജാമ്യത്തിലിറങ്ങിയാൽ കുറ്റകൃത്യം ആവർത്തിക്കില്ലെന്ന ഉറപ്പും വേണമെന്നായിരുന്നു ഈ ഉപാധികൾ.
എന്നാൽ, ജസ്റ്റിസ് എം.എം. ഖൻവിൽകർ, മലയാളിയായ ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഈ വിധി അസാധുവാക്കി ഇ.ഡിക്ക് നൽകിയ എല്ലാ സ്വേച്ഛാധികാരങ്ങളും ശരിവെച്ച് 2022 ജൂലൈ 27ന് മറ്റൊരു വിധി പുറപ്പെടുവിക്കുകയായിരുന്നു. തിരച്ചിൽ നടത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വസ്തുവകകൾ കണ്ടുകെട്ടുന്നതിനും ഇ.ഡിക്ക് അധികാരമുണ്ടെന്ന് വിധിച്ച ഈ ബെഞ്ച് ഇ.ഡി കേസുകളിൽ ജാമ്യം നേടുന്നതിന് ഉപാധി കടുപ്പിച്ച് 2018ൽ പാർലമെന്‍റിൽ കൊണ്ടുവന്ന നിയമഭേദഗതിയും ശരിവെച്ചു.
അന്വേഷണത്തിന് ഏത് വ്യക്തിക്കും സമൻസ് അയക്കാമെന്നും സമൻസ് അയക്കാൻ ഒരാൾ പ്രതിയാകണമെന്നില്ലെന്നും അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്യാമെന്നും ഈ വിധിയിലുണ്ടായിരുന്നു.
സമന്‍സ് അയച്ച് ചോദ്യംചെയ്യലിന് വിളിപ്പിക്കുന്നവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആർ) കൈമാറേണ്ടതില്ലെന്നും ഒരു പ്രതിക്കെതിരെ പൊലീസ് രേഖപ്പെടുത്തുന്ന മൊഴിയിൽനിന്ന് സംരക്ഷണം നൽകുന്ന ഭരണഘടനയുടെ 20(3) അനുച്ഛേദ പ്രകാരമുള്ള മൗലികാവകാശം ഇ.ഡി തയാറാക്കുന്ന മൊഴിക്ക് ബാധകമല്ലെന്നും ഈ ബെഞ്ച് വിധിച്ചു.
പൊലീസിന്‍റെ എഫ്.ഐ.ആറും (പ്രഥമ വിവര റിപ്പോർട്ട്) ഇ.ഡി തയാറാക്കുന്ന ഇ.സി.ഐ.ആറും (എന്‍ഫോഴ്സ്മെന്‍റ് കേസ് വിവര റിപ്പോര്‍ട്ട്) ഒരുപോലെയല്ല എന്നും എന്‍ഫോഴ്സ്മെന്റിന്റേത് ആഭ്യന്തര റിപ്പോര്‍ട്ട് ആണെന്നും ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകള്‍ ഇതിന് ബാധകമല്ലെന്നും വിധിയിലുണ്ടായിരുന്നു.
മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത്, മുൻ സുപ്രീംകോടതി ജഡ്ജി രോഹിങ്ടൺ ഫാലി നരിമാൻ എന്നിവരടക്കമുള്ള നിരവധി നിയമവിദഗ്ധരുടെ വിമർശനത്തിനിടയാക്കിയ വിധിയാണ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

