തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ചു; എൻ.ഐ.എ ചോദ്യം ചെയ്യും, തിഹാർ ജയിലിൽ അതിസുരക്ഷ
text_fieldsന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് 6.30നാണ് യു.എസിൽനിന്ന് പുറപ്പെട്ട പ്രത്യേക വിമാനം ഡൽഹി പാലത്തെ സൈനിക വിമാനത്താവളത്തിലെത്തിയത്. എമിഗ്രേഷൻ വകുപ്പടക്കമുള്ളവരുടെ വിവരശേഖരണത്തിനുശേഷം എട്ടോടെ പട്യാല കോടതിയിൽ ഹാജരാക്കിയ റാണയെ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി. റാണയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് വ്യാഴാഴ്ച ഡൽഹിയിൽ ഒരുക്കിയിരുന്നത്. ആദ്യം വ്യാഴാഴ്ച രാവിലെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധിയായതോടെ യാത്ര വൈകുകയായിരുന്നുവെന്ന് സുരക്ഷാ അധികൃതർ പറഞ്ഞു.
ഡൽഹി തിഹാർ ജയിലിലാണ് അതിസുരക്ഷാ ക്രമീകരണങ്ങളോടെ റാണയെ നിലവിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇവിടെനിന്ന് മുംബൈയിൽ എത്തിക്കുകയാണെങ്കിൽ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12ാം നമ്പർ ബാരക്കിലായിരിക്കും റാണയെയും പാർപ്പിക്കുക. ഇരു ജയിലുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ലോസ് ആഞ്ജലസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ കഴിയവേയാണ് 64കാരനായ റാണയെ ഇന്ത്യക്ക് കൈമാറിയത്. കൈമാറ്റം തടയണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 27ന് റാണ അപേക്ഷ നൽകിയിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് നടപടികൾ വേഗത്തിലായത്. വിവിധ അന്വേഷണ ഏജൻസികളുടെ അംഗങ്ങൾ അടങ്ങുന്ന സംഘം യു.എസിലെത്തിയിരുന്നു. കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി സംഘം റാണയുമായി ഇന്ത്യയിലെത്തുകയായിരുന്നു.
ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ റാണയുടെ കൈമാറ്റത്തിന് അംഗീകാരം നൽകിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ് പൗരനുമായ ഡേവിഡ് കോള്മാന് ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. മുംബൈ ഭീകരാക്രമണക്കേസിൽ മുംബൈ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തഹാവുർ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻ.ഐ.എ ചോദ്യം ചെയ്തതിന് ശേഷമാണ് പങ്ക് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

