മൊഹാലി: യാചകന് 40 രൂപ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം ഒരു യുവാവിെൻറ ജീവനെടുത്തു. ഫോർടീസ് ആശുപത്രി സ്റ്റാഫ് നഴ്സ് അരുൺ ഭരദ്വാജിെൻറ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്തെന്ന് പൊലീസ് വെളിപ്പെടുത്തിയത്.
കമൽദീപ് ഗ്രീവാൾ(29), റിങ്കു (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്ടർ 68ലെ മദ്യഷോപ്പിന് സമീപം ശനിയാഴ്ചയാണ് അരുൺ കൊല്ലപ്പെട്ടത്. രാത്രി ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. മദ്യഷോപ്പിന് മുന്നിൽ വെച്ച് അരുണിനെ അടിച്ചുവീഴ്ത്തിയ പ്രതികൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ സംഭവശേഷം രക്ഷപ്പെട്ടിരുന്നു. സമീപത്തുണ്ടായിരുന്നവർ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അരുണും പ്രതികളും മദ്യഷോപ്പിന് സമീപം നിൽക്കുമ്പോൾ ഇവരുടെ അടുത്തേക്ക് ഒരു യാചകനെത്തി. പ്രതികളിലൊരാൾ 40 രൂപ ഭിക്ഷയായി നൽകി. ഇതു തടഞ്ഞ അരുൺ പണം കൊടുക്കരുതെന്നും അത് മദ്യപിക്കാനാണെന്നും അവരോട് പറഞ്ഞു. എന്നാൽ പ്രതികൾ അത് എതിർത്തതോടെ വാക്കേറ്റമുണ്ടാവുകയും അരുണിനെ അടിച്ചുവീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ചു കൊല്ലുകയുമായിരുന്നു.
സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിലാവാനുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്നും പ്രതികളുടെ പങ്ക് വ്യക്തമായതായും ഡി.എസ്.പി ദീപ് കമൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പഞ്ചാബിലെ ജെയ്റ്റോ സ്വദേശിയായ പ്രതി കമൽദീപ് ഫോട്ടാഗ്രഫറാണ്. റിങ്കു പഞ്ചാബിലേക്ക് കുടിയേറിയതാണ്. കുംബ്ര ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്.