ലഖ്നോ: ഗോരഖ്പുരിനും ഫൂൽപുരിനും പിന്നാലെ യു.പിയിൽ വിജയ പരീക്ഷണം തുടരാൻ വീണ്ടും പ്രതിപക്ഷ െഎക്യം. മേയ് 28ന് കയ്രാന ലോക്സഭ സീറ്റിലേക്കും നൂർപുർ നിയമസഭ സീറ്റിലേക്കും നടക്കുന്ന ഉപ തെരഞ്ഞെടുപ്പുകളിൽ ആർ.എൽ.ഡിയുമായി ചേർന്ന് മത്സരിക്കാൻ സമാജ്വാദി പാർട്ടി തീരുമാനിച്ചു. എസ്.പി മേധാവി അഖിലേഷ് യാദവും ആർ.എൽ.ഡി വൈസ് പ്രസിഡൻറ് ജയന്ത് ചൗധരിയും മണിക്കൂറുകളോളം നടത്തിയ ചർച്ചകളിലാണ് തീരുമാനം.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ വിശാല സഖ്യം രൂപവത്കരിക്കാനും തീരുമാനമായെന്ന് ആർ.എൽ.ഡി വക്താവ് അനിൽ ദുബെ പറഞ്ഞു. ധാരണപ്രകാരം കയ്രാന സീറ്റിൽ എസ്.പി സ്ഥാനാർഥിക്ക് ആർ.എൽ.ഡി പിന്തുണ നൽകും. പകരം നൂർപുരിൽ ആർ.എൽ.ഡി സ്ഥാനാർഥിയും ജനവിധി തേടും.
ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ നിർത്തില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയതിനാൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തിെൻറ െഎക്യ സ്ഥാനാർഥിയാകും മത്സരത്തിനുണ്ടാവുക. ഇരു മണ്ഡലങ്ങളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പ് മായാവതിയുമായി ചർച്ച നടത്തി ധാരണയിലെത്തുമെന്ന് പാർട്ടി പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി പ്രതിനിധികളായ ഹുകും സിങ്, ലോകേന്ദ്ര സിങ് എന്നിവർ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവുകളിലേക്കാണ് കയ്രാനയിലും നൂർപുരിലും തെരഞ്ഞെടുപ്പ്.
മുസ്ലിം, ദലിത് വിഭാഗങ്ങൾക്ക് വൻ പ്രാതിനിധ്യമുള്ള മണ്ഡലങ്ങളാണ് രണ്ടും.
നേരത്തെ ഗോരഖ്പുർ, ഫൂൽപുർ ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അട്ടിമറിച്ച് എസ്.പി വൻജയം കുറിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ വൻഭൂരിപക്ഷത്തിന് ജയിച്ച സീറ്റുകളായിട്ടും ജനം അപ്രതീക്ഷിത തിരിച്ചടിയാണ് ബി.ജെ.പിക്ക് നൽകിയത്.