തെക്കേ ഇന്ത്യക്കാർ മറാത്ത സംസ്കാരത്തെയും യുവാക്കളെയും നശിപ്പിക്കുന്നു-ശിവസേന എം.എൽ.എ
text_fieldssivasena
മുംബൈ: ഒരുകാലത്ത് മറാത്താവാദത്തിലേക്കും ശിവസേനയുടെ രൂപീകരണത്തിലേക്കും വഴിതെളിച്ച തെക്കേ ഇന്ത്യൻ വിരോധം വീണ്ടും ശിവസേന ജനപ്രതിനിധിതലത്തിൽ ഉയർന്നുവരുന്നു. മഹാരാഷ്ട്രയിൽ തെക്കേ ഇന്ത്യക്കാർ ഡാൻസ് ബാറുകളും ലേഡീസ് ബാറുകളും നടത്തി മറാത്തയുടെ സംസ്കാരം നശിപ്പിക്കുകയാണെന്ന ആരോപണവുമായി രംഗത്തുവന്നത് എം.എൽ.എ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരന്റെ കവിളത്തടിച്ച ശിവസേന എം.എൽ.എ സഞ്ജയ് ഗേക്‍വാദ്. കൊളാബ എം.എൽ.എ ഹോസ്റ്റൽ നടത്തിപ്പുകാരനായ ഷെട്ടിയെ അധിക്ഷേപിച്ചശേഷമാണ് എം.എൽ.എ തെക്കേ ഇന്ത്യക്കാർക്കെതിരെ തിരിഞ്ഞത്. ‘ നോക്കൂ ഇവർ നമ്മുടെ യുവാക്കളെ വഴിതെറ്റിക്കുന്നത്, ഇവർ ഡാൻസ് ബാറുകളും
ലേഡീസ് ബാറുകളും നടത്തുന്നു. ഇവരാണ് നമ്മുടെ യുവാക്കളെയും കുട്ടികളെയും നശിപ്പിക്കുന്നത്. ഇവർ മറാത്ത സംസ്കാരത്തെ മലിനമാക്കുന്നു. ഡാൻസ്ബാറും ലേഡീസ് ബാറും മറാത്താ സംസ്കാരത്തിന്റെ ഭാഗമല്ല. എന്തിനാണ് ഷെട്ടിക്ക് ഇവിടെ ലൈസൻസ് കൊടുത്തത്. എന്തുകൊണ്ട് അതൊരു മഹാരാഷ്ട്രക്കാരന് കൊടുത്തുകൂടാ..’ രോഷാകുലനായ ഗേക്‍വാദ് പറയുന്നു.
അതേസമയം ഷെട്ടി വിഭാഗം നേതൃത്വം നൽകുന്ന ഉടുപ്പി ഹോട്ടൽ നടത്തിപ്പുകാരുടെ സംഘടന ഗേക്‍വാദിന്റെ വംശീയ അധിക്ഷേപത്തിനെതിരെ രംഗത്തുവന്നു. മഹാരാഷ്ട്രയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്തെ സംഭാവനകൾ ഒരു നൂറ്റാണ്ട് പഴക്കമുള്ളതാണെന്നും മുംബൈയുടെ സാമ്പത്തിക വളർച്ചയിൽ ഇവർ ചെയ്ത സംഭാവന വളരെ വലുതാണെന്നതു മാത്രമല്ല, 15 മുതൽ 20 ലക്ഷം വരെ ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നുണ്ടെന്നും അതൊന്നും എം.എൽ.എക്ക് അറിയില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

