ഗ്യാനേഷിന്‍റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സൗരവും അശുതോഷും
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കാതെ സമരങ്ങളിൽനിന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾ. സൗരവ് ദാസും അശുതോഷ് രങ്കയുമാണ് പ്രതിഷേധം തുടരാനുള്ള ദൃഢനിശ്ചയം ആവർത്തിച്ചത്. വെവ്വേറെ കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ ഇരുവരും വെള്ളിയാഴ്ച മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ സ്പെഷൽ എക്‌സിക്യുട്ടിവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി.
ജയിലിൽ അടച്ചാലും പ്രക്ഷോഭം തുടരുമെന്നും ജനങ്ങളുടെ പിന്തുണയാണ് തങ്ങൾക്കുള്ളതെന്നും അശുതോഷ് രങ്ക പ്രഖ്യാപിച്ചു. അന്തിമരൂപം നൽകിയ ശേഷം അടുത്ത നീക്കം പ്രഖ്യാപിക്കും. അടുത്ത ഹിയറിങ്ങിന്‍റെ തീയതി ക്രൈം ബ്രാഞ്ചിൽനിന്ന് ലഭിക്കാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാവി പ്രക്ഷോഭങ്ങൾ സംബന്ധിച്ച് കൂട്ടായ തീരുമാനമാണ് ഉണ്ടാകുകയെന്നും സി.ജെ.പിക്കുമപ്പുറം തങ്ങൾക്ക് വലിയ പിന്തുണയുണ്ടെന്നും സൗരവ് ദാസ് അറിയിച്ചു. ഇരു നേതാക്കളെയും ഒക്‌ടോബർ 14 നാണ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ അടച്ചത്. സ്പെഷൽ എക്‌സിക്യുട്ടിവ് മജിസ്ട്രേറ്റ് 21ന് അവരെ ജാമ്യത്തിൽ വിട്ടു.

