മൈസൂരു-ബംഗളൂരു അതിവേഗപാതയിൽ രക്ഷയേകാൻ ഇനി എസ്.ഒ.എസ്
text_fieldsമൈസൂരു-ബംഗളൂരു അതിവേഗപാതയിൽ സ്ഥാപിച്ച എസ്.ഒ.എസ് സംവിധാനം
ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗപാതയിൽ അടിയന്തര ഘട്ടത്തിൽ അധികൃതരുമായി ബന്ധപ്പെടാൻ ‘എസ്.ഒ.എസ്’ എന്ന പേരിൽ പ്രത്യേക സംവിധാനം. ‘സേവ് ഔവർ സോൾ’ എന്ന ഈ സംവിധാനം പാതയിലെ വിവിധ സ്ഥലങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
മഞ്ഞ നിറത്തിലുള്ള തൂണിൽ പാതക്കരികെ വിവിധയിടങ്ങളിൽ ‘SOS’ എന്ന് രേഖപ്പെടുത്തിയ പെട്ടികൾ കാണാം. ഇതിലെ ബട്ടണിൽ അടിയന്തരഘട്ടത്തിൽ റോഡ് യാത്രക്കാർ അമർത്തുകയാണ് വേണ്ടത്. ഇതോടെ ഇതിലെ കാമറകൾ തുറന്നുവരും. ഇതിലൂടെ അധികൃതരുമായി റോഡ് യാത്രക്കാർക്ക് സംസാരിക്കാനാകും. ഒരേസമയംതന്നെ ആംബുലൻസ് ആവശ്യമാണെങ്കിൽ അവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അറിയിപ്പ് പോകും.
അടുത്തുള്ള പൊലീസ് സ്റ്റേഷനുകളുമായും അടിയന്തര കാൾ സെന്ററുകളുമായും ഈ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. ജി.പി.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ അപകടം പോലുള്ളവ എവിടെയാണ് നടന്നിരിക്കുന്നതെന്നത് ഈ സംവിധാനത്തിലൂടെ അധികൃതർക്ക് പെട്ടെന്ന് തന്നെ അറിയാനാകും. സൗരോർജത്താലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
മൈസൂരുവിലെ ജെ.എൽ.ബി റോഡിലെ പ്രധാന കാൾസെന്ററുമായും ഇതിലൂടെ ബന്ധപ്പെടാം. നിലവിൽ ദേശീയപാത അതോറിറ്റിയുടെ സഹായ നമ്പറിൽ അടിയന്തര ആവശ്യങ്ങൾക്കായി റോഡ് യാത്രക്കാർക്ക് ഫോണിലൂടെ ബന്ധപ്പെടാം. എന്നാൽ, അതിവേഗപാതയുടെ പലയിടങ്ങളിലും മൊബൈലിന് റേഞ്ചില്ല. പലപ്പോഴും മൊബൈലിലെ ബാറ്ററി ചാർജ് തീർന്നിട്ടുമുണ്ടാകും. ഇക്കാരണങ്ങളാൽ അധികൃതരുമായി ബന്ധപ്പെടാനാകാതെ യാത്രക്കാർ നിസ്സഹായരാകാറുണ്ട്. ഇത്തരക്കാർക്കടക്കം ഹൈവേ അതോറിറ്റി പുതുതായി സ്ഥാപിച്ചിരിക്കുന്ന എസ്.ഒ.എസ് സംവിധാനം ഉപയോഗിക്കാം.
സർവിസ് റോഡിൽ ടോൾ വേണ്ട
ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയിലെ സർവിസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് നിലവിൽ ടോൾ നൽകേണ്ട. അപകടങ്ങൾ കൂടിയതിനാൽ ആഗസ്റ്റ് ഒന്നുമുതൽ അതിവേഗ പാതയിൽ ബൈക്ക്, ഓട്ടോ, ട്രാക്ടർ തുടങ്ങിയ വാഹനങ്ങൾക്ക് ദേശീയപാത അതോറിറ്റി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനാൽ, ഇത്തരം വാഹനങ്ങൾ സർവിസ് റോഡിലൂടെയാണ് ഓടേണ്ടത്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലാണ് സർവിസ് റോഡിൽനിന്ന് അതിവേഗ പാതയിലേക്ക് പ്രവേശിക്കാനുള്ള ഇടനാഴികളുള്ളത്. ബംഗളൂരുവിൽ നിന്ന് മലബാറിലേക്കുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന അതിവേഗപാതയിൽ ബിഡദിയിലും ശ്രീരംഗപട്ടണയിലുമാണ് ടോൾ ബൂത്തുകൾ പ്രവർത്തിക്കുന്നത്.
വിളിക്കണം 1033 നമ്പറിൽ
ബംഗളൂരു: അതിവേഗപാതയിൽ അപകടങ്ങൾ പോലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ 1033 എന്ന ടോൾ ഫ്രീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയമാണ് ഹൈവേ അതോറിറ്റി മുഖേന ടോൾ ഫ്രീ നമ്പർ തയാറാക്കിയത്. ആംബുലൻസുകൾ, റെസ്ക്യൂ വാഹനങ്ങൾ, പൊലീസ് വാഹനങ്ങൾ എന്നിവ 30 മിനിറ്റിനുള്ളിൽതന്നെ സംഭവസ്ഥലെത്തത്തുമെന്നും അതോറിറ്റി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

