'കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വന്ന് അറസ്റ്റ് ചെയ്യൂ'; ഇ.ഡിയെ വെല്ലുവിളിച്ച് ഹേമന്ദ് സോറൻ
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും (ഇ.ഡി) വെല്ലുവിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യൂവെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത ഖനന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് സോറന് ഇ.ഡി നോട്ടീസ് അയച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ 11ന് റാഞ്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം സോറനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ.ഡി പറയുന്നത്. 'ഛത്തീസ്ഗഢിൽ നേരത്തെ നിശ്ചയിച്ച ഒരുപരിപാടിയിൽ വ്യാഴാഴ്ച പങ്കെടുക്കാനിരിക്കെയാണ് ഇ.ഡി എനിക്ക് നോട്ടീസ് അയച്ചത്. ഞാൻ ഇത്രയും വലിയ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എന്നെ വന്ന് അറസ്റ്റ് ചെയ്യൂ. എന്തിനാണ് ചോദ്യം ചെയ്യുന്നത്?... ഇ.ഡി ഓഫിസിന് സമീപം സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് ജാർഖണ്ഡുകാരെ ഭയക്കുന്നത്?' -ജാർഖണ്ഡ് മുക്തി മോർച്ച തലവൻ പറഞ്ഞു.
സംസ്ഥാനത്തെ ആദിവാസികളെ പ്രയാസപ്പെടുത്തുന്ന ചില ബാഹ്യസംഘങ്ങളെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സംസ്ഥാനത്ത് ജാർഖണ്ഡുകാരുടെ ഭരണമായിരിക്കും, ബാഹ്യശക്തികളെ അനുവദിക്കില്ല... വരുന്ന ലോക്‌സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോറന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവ് പങ്കജ് മിശ്രയെയും മറ്റ് രണ്ടു പേരെയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് അനധികൃത ഖനനവുമായി ബന്ധപ്പെട്ട് 1,000 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് ഇ.ഡി പറയുന്നത്. കഴിഞ്ഞ ജൂലൈയിൽ പങ്കജ് മിശ്രയുടെയും കൂട്ടാളികളുടെയും 19 കേന്ദ്രങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രി സോറന്‍റെ പേരിലുള്ള ബാങ്കുചെക്കുകളും രേഖകളും കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി അവകാശപ്പെട്ടു.
സാഹിബ് ഗഞ്ചിലെ ബർഹൈത്തിൽ നിന്നുള്ള എം.എൽ.എയായ പങ്കജ് മിശ്ര മുഖ്യമന്ത്രിയുടെ സ്വാധീനമുപയോഗിച്ച് തന്‍റെ കൂട്ടാളികളിലൂടെ ഖനന, ഉൾനാടൻ ജല ഗതാഗത മേഖലയെ നിയന്ത്രിക്കുന്നുവെന്നാണ് ഇ.ഡി യുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

