ആശമാർക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സോണിയ
text_fieldsസോണിയ ഗാന്ധി
ന്യൂഡൽഹി: സുപ്രധാനമായ സർക്കാർ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിൽ ഉന്നയിച്ചു. ശൂന്യവേളയിലാണ് അവർ വിഷയം ഉന്നയിച്ചത്. ആശ വർക്കർമാരും, അംഗൻവാടി ജീവനക്കാരും, ദേശീയ ഗ്രാമീണ ജീവനോപാധി മിഷനിലെ സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അവർ വിശദീകരിച്ചു. ഇത്തരം പദ്ധതികളിൽ ജോലിഭാരം കൂടുതലാണെങ്കിലും മതിയായ വേതനവും പിന്തുണയും ലഭിക്കുന്നില്ല.
രോഗപ്രതിരോധ കുത്തിവെപ്പുകൾ, ഗർഭിണികളുടെ ആരോഗ്യം, കുടുംബക്ഷേമം എന്നീ രംഗങ്ങളിൽ സേവനം നൽകുന്ന ആശ വർക്കർമാർക്ക് പരിമിതമായ ഓണറേറിയമാണ് ലഭിക്കുന്നത്. സമാനമായ സ്ഥിതിയാണ് അംഗൻവാടി വർക്കേഴ്സിനുമുള്ളത്. അവരുടെ സേവനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും തോതും പ്രാധാന്യവും വെച്ച് നോക്കുമ്പോൾ ലഭിക്കുന്ന പ്രതിഫലം തുച്ഛമാണ്.
സംയോജിത ശിശു വികസന സർവിസസ് (ഐ.സി.ഡി.എസ്) സ്കീമിൽ വിവിധ തലങ്ങളിലായി മൂന്ന് ലക്ഷത്തോളം ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. ലക്ഷക്കണക്കിന് ശിശുക്കൾക്കും അമ്മമാർക്കും വേണ്ട പോഷണവും ആരോഗ്യ, ശുശ്രൂഷാ സേവനങ്ങളും ലഭിക്കാതെ പോകാൻ അത് ഇടവരുത്തുന്നുണ്ടെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
ജനസംഖ്യ 2500ൽ കൂടുതലുള്ള ഗ്രാമങ്ങളിൽ കൂടുതൽ ആശ വർക്കർമാരെ നിയമിക്കണമെന്നും കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസവും പോഷണവും പരിചരണവും നൽകുന്നതിനായി അംഗൻവാടി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

