ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും
text_fieldsകർണാടക: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ എ.ഐ.സി.സി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കും. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പാർട്ടി നൽകിയിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെ പ്രത്യക വിമാനത്തിൽ സോണിയ മൈസൂരിലെത്തും.
അതേസമയം, രാഹുൽ നയിക്കുന്ന ജോഡോ യാത്രയിൽ ഏതാനും മണിക്കൂറുകൾ സോണിയ പങ്കെടുക്കുമെന്നും ശേഷം കുടകിലേക്ക് പോകുമെന്നും കുറച്ചു ദിവസം അവിടെ ചെലവഴിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കർണാടകയിലൂടെയാണ് ഭാരജ് ജോഡോ യാത്ര തുടരുന്നത്. സംസ്ഥാനത്ത് 21 ദിവസം നീളുന്ന യാത്ര എട്ട് ജില്ലകളിലൂടെ 511 കിലോമീറ്റർ പിന്നിടും. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രവുമായുള്ള പോരാട്ടമാണ് ഭാരത് ജോഡോ യാത്രയെന്ന് ഗാന്ധിജയന്തി ദിനത്തിൽ രാഹുൽ പറഞ്ഞിരുന്നു. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കഴിഞ്ഞ എട്ടു വർഷം കൊണ്ട് ബി.ജെ.പി ഇല്ലാതാക്കി. ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ മഹാത്മാ ഗാന്ധി പൊരുതിയത് പോലെ ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രത്തോട് ഇന്ന് നമ്മൾ പൊരുതുകയാണ്. നേടിയെടുത്ത സ്വാതന്ത്ര്യം ഇല്ലാതാക്കുകയും സമൂഹത്തിൽ അസമത്വവും ഭിന്നിപ്പും സൃഷ്ടിക്കുകയുമാണ് കഴിഞ്ഞ എട്ടുവർഷമായി ആ പ്രത്യയശാസ്ത്രം- അദ്ദേഹം പറഞ്ഞു.

