‘നെഹ്റുവിന്റെ ആശയങ്ങൾ വളച്ചൊടിച്ച് അപകീർത്തിപ്പെടുത്താൻ ആസൂത്രിത നീക്കം,’ നടക്കുന്നത് ചരിത്രം മാറ്റിയെഴുതാനും മൂല്യങ്ങൾ തകർക്കാനുമുള്ള ശ്രമമെന്നും സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങൾ വളച്ചൊടിച്ച് അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ ചരിത്രംതന്നെ മാറ്റിയെഴുതാനും രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവർ പറഞ്ഞു.
ഡൽഹിയിൽ ജവഹർ ഭവനിൽ നെഹ്റു സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സോണിയ ഗാന്ധി. ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങളും പ്രതിച്ഛായയും തരംതാഴ്ത്തി കാട്ടുകയും അതുവഴി രാഷ്ട്രത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറ തകർക്കുകയുമാണ് നിലവിലെ ഭരണ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അവർ ആരോപിച്ചു.
നെഹ്റുവിന്റെ സംഭാവനകളെക്കുറിച്ച് സംവാദമോ വിശകലനമോ ആകാമെങ്കിലും മനഃപൂർവം അദ്ദേഹത്തിന്റെ ആശയങ്ങളെയും രചനകളെയും കുറിച്ച് അവമതിപ്പ് പ്രചരിപ്പിക്കുന്നത് അസഹനീയമാണ്. അദ്ദേഹത്തിന്റെ കാലഘട്ടം അവസാനിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും രാജ്യത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹം ഇപ്പോഴും ഒരു ദീപസ്തംഭമായി നിലകൊള്ളുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
‘ജവഹർലാൽ നെഹ്റുവിനെ അപകീർത്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ ഭരണ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം എന്നതിൽ സംശയവുമില്ല. അദ്ദേഹത്തെ ഇല്ലാതാക്കുക മാത്രമല്ല അവരുടെ ലക്ഷ്യം; നമ്മുടെ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും കെട്ടിപ്പടുക്കുകയും ചെയ്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറകളെ ഇല്ലാതാക്കാൻ കൂടിയാണ് ശ്രമം,’ സോണിയ പറഞ്ഞു.
ആധുനിക ഇന്ത്യയുടെ പ്രധാന ശില്പി നെഹ്റുവാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ‘അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, മതേതരത്വത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. എല്ലാറ്റിനുമുപരി ഇന്ത്യയുടെ നിരവധി വൈവിധ്യങ്ങളെ ആഘോഷിക്കുന്നതിനൊപ്പം അതിന്റെ അടിസ്ഥാന ഐക്യം ശക്തിപ്പെടുത്തുന്നതിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
ഇത്രയും മഹാനായ ഒരു വ്യക്തിയുടെ ജീവിതവും കൃതികളും വിശകലനം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യേണ്ടത് അനിവാര്യമാണ് - തീർച്ചയായും അത് അങ്ങനെ തന്നെ ആവുകയും വേണം. എങ്കിലും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനും വളച്ചൊടിക്കാനും അപമാനിക്കാനുമുള്ള ആസൂത്രിതമായ ശ്രമം അംഗീകരിക്കാനാവില്ല,’ സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

