സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിൽ
text_fieldsസോനം വാങ്ചുക്ക്,ഗീതാഞ്ജലി അങ്മോ
ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിന് പിന്നാലെ അറസ്റ്റിലായ പ്രമുഖ വിദ്യാഭ്യാസ-പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ഭാര്യ ഗീതാഞ്ജലിയാണ് ഹരജി സമർപ്പിച്ചത്.
സെപ്റ്റംബർ 26ന് ലഡാക്കിലെ വീട്ടിൽ നിന്ന് ദേശീയ സുരക്ഷ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സോനം വാങ്ചുക് കഴിഞ്ഞ ഏഴ് ദിവസമായി രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാറും പ്രക്ഷോഭകരും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു. പ്രകടനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിൽ വാങ്‌ചുക്ക് പ്രധാന പങ്കുവഹിച്ചുവെന്നാണ് അധികൃതരുടെ ആരോപണം.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമവായ ചർച്ചക്കുള്ള ശ്രമങ്ങൾ പുരോഗമിക്കവെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ). സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ കേന്ദ്ര സർക്കാറുമായി ഒരുതരത്തിലുള്ള ചർച്ചയില്ലെന്ന് കെ.ഡി.എ കോ ചെയർമാൻ അസർ കർബലായി വ്യക്തമാക്കിയിരുന്നു.
സോനം വാങ്ചുകിനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി ജയിലിൽ അടച്ചതിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. ലേ അപ്പക്സ് ബോഡി (എൽ.എ.ബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ കൂട്ടായ്മകൾ സംയുക്തമായി സംസ്ഥാന പദവിക്കായി കഴിഞ്ഞ അഞ്ചു വർഷമായി നടത്തുന്ന സമരമാണ് അക്രമാസക്തമായി പൊലീസ് വെടിവെപ്പിലും നാലു പേരുടെ മരണത്തിലും കലാശിച്ചത്.
സംഘർഷത്തിന് പിന്നാലെ വാങ്ചുക് നിരാഹാരസമരം അവസാനിപ്പിച്ചിരുന്നു. നിരാഹാരസമരം നയിച്ചതിന് പ്രതികാര നടപടിയെന്നോണം വാങ്ചുകിനെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങുകയും വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കുകയും ചെയ്തു.
ലഡാക്കിന് നൽകിയ വാഗ്ദാനം പാലിക്കാത്ത ആഭ്യന്തര മന്ത്രാലയത്തെയാണ് സംഘർഷത്തിൽ വാങ്ചുക് കുറ്റപ്പെടുത്തുന്നത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായും ലഡാക്കിലെ ജനപ്രതിനിധികളുമായുമുള്ള സംഭാഷണങ്ങളിൽ അസന്തുഷ്ടരായ ചില സംഘങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

