‘മോദിക്ക് മുഹമ്മദ് യൂനുസിനെ കാണാമെങ്കിൽ വാങ്ചുക് കണ്ടാൽ പ്രശ്നമാകുന്നതെങ്ങിനെ?’, ദേശവിരുദ്ധ ആരോപണങ്ങൾക്ക് മറുപടിയുമായി സോനം വാങ്ചുകിന്റെ ഭാര്യ
text_fieldsന്യൂഡൽഹി: ലഡാക്കിലെ സമരം നയിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുകിനെ സമൂഹമാധ്യമങ്ങളിൽ ദേശവിരുദ്ധനെന്ന് മുദ്രകുത്തുന്നതിൽ പ്രതികരണവുമായി ഭാര്യ ഗീതാഞ്ജലി ആങ്‌മോ. പ്രധാനമന്ത്രി നരേന്ദ്രമോദിയും സോനം വാങ്ചുകും ബംഗ്ളാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വ്യത്യസ്ത ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ഗിതാജ്ഞലിയുടെ മറുപടി.
മുഹമ്മദ് യൂനുസിനെ വാങ്ചുക് ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം അദ്ദേഹത്തിനെതിരെ ‘ദേശവിരുദ്ധ’ ആരോപണം കടുപ്പിച്ചത്. ലഡാക്ക് പ്രക്ഷോഭത്തിന് മുമ്പ് ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനക്കെതിരെ പ്രതിഷേധം ആസൂത്രണം ചെയ്തവരുമായി വാങ്ചുക് ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് യൂനസിനെ കാണുന്നത് ശരിയാണെങ്കിൽ, ഇന്ത്യയിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദ്ധനും നൂതനാശയക്കാരനുമായ സോനം വാങ്ചുക് അദ്ദേഹത്തെ കാണുന്നത് എന്തുകൊണ്ടാണ് ഒരു പ്രശ്നമാകുന്നത്?’ -അവർ എക്സ് പോസ്റ്റിൽ കുറിച്ചു.
ഇതിനിടെ, നേപ്പാളിൽ അടുത്തിടെ നടന്ന ജെൻ സി പ്രതിഷേധങ്ങളെയും കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെയും കുറിച്ച് വാങ്ചുകിന്റെ പരാമർശങ്ങൾ ചൂണ്ടി ലഡാക്കിൽ അദ്ദേഹം അക്രമത്തിന് കാരണമാകുന്ന പ്രകോപനം സൃഷ്ടിച്ചുവെന്നാണ് സുരക്ഷാ ഏജൻസികളുടെ ആരോപണം.
ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ചേർന്ന് സംസ്ഥാന പദവിക്കും കേന്ദ്രഭരണ പ്രദേശത്തേക്ക് ആറാം ഷെഡ്യൂൾ നീട്ടുന്നതിനും വേണ്ടി നടത്തിയ പ്രക്ഷോഭത്തിന്റെ പ്രധാന മുഖമാണ് വാങ്‌ചുക്ക്. പ്രക്ഷോഭത്തിന് പിന്നാലെ, ദേശീയ സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂരിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
ലഡാഖ് പ്രക്ഷോഭത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

