'എന്റെ അനുവാദമില്ലാതെ ഒരു ചികിത്സയും നൽകരുത്'; അധികൃതർക്ക് മുന്നറിയിപ്പുമായി സോനം വാങ്‌ചുക്കിന്റെ ഭാര്യ
text_fieldsന്യൂഡൽഹി: ജന്തർ മന്തറിൽ 21 ദിവസമായി നിരാഹാര സമരം നടത്തിവരികയായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ ഭാര്യ ഗീതാഞ്ജലി ജെ. അങ്‌മോ കടുത്ത അതൃപ്തി രേഖപ്പെടുത്തി. താനോ കുടുംബമോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുന്ന ഡോക്ടർമാരോ അറിയാതെ വാങ്‌ചുക്കിന് യാതൊരു വിധത്തിലുള്ള ചികിത്സയും നൽകരുതെന്ന് അവർ കർശനമായി നിർദ്ദേശിച്ചു.
ഇക്കാര്യത്തിൽ താൻ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നേരിട്ടെത്തി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും, തന്റെ സമ്മതമില്ലാതെ ചികിത്സ ആരംഭിച്ചാൽ ഉണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും അധികൃതർക്കായിരിക്കും ഉത്തരവാദിത്തമെന്നും അവർ വ്യക്തമാക്കി. ഇന്നലെ വരെ അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റേണ്ട യാതൊരു സാഹചര്യവും നിലവിലില്ലായിരുന്നുവെന്നും ഗീതാഞ്ജലി കൂട്ടിച്ചേർത്തു.
ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചും, ആരോഗ്യസ്ഥിതി വഷളായതിനാലുമാണ് വാങ്‌ചുക്കിനെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡൽഹി പൊലീസ് വിശദീകരിച്ചു. എന്നാൽ, പൊലീസ് ഈ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇത് കോടതി അലക്ഷ്യമാണെന്നും കോക്രോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസ് ആരോപിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം തങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, അദ്ദേഹം തന്നെ വിഡിയോകളിലൂടെ ആരോഗ്യവിവരങ്ങൾ സ്ഥിരമായി പങ്കുവെക്കാറുണ്ടെന്നും ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

