'ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം': സഫ്ദർജങ് ആശുപത്രിയിലെ 'നിയമവിരുദ്ധ തടങ്കലിൽ' നിന്നും സോനം വാങ്ചുകിന്റെ സന്ദേശം
text_fieldsന്യൂഡൽഹി: ലഡാക്കിന്റെ സംരക്ഷണത്തിനായി സമരം ചെയ്യുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക്, സഫ്ദർജങ് ആശുപത്രിയിലെ തന്റെ തടങ്കൽ മുറിയിൽ നിന്ന് രാജ്യത്തെ ജനങ്ങളോട് ഒരു പ്രധാന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന തിങ്കളാഴ്ച (ജൂലൈ 20) പാർലമെന്റിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ചിൽ പരമാവധി ആളുകൾ പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പോരാട്ടത്തെ കേവലം ഒരു പ്രതിഷേധമായല്ല മറിച്ച് ഇന്ത്യയുടെ 'രണ്ടാം സ്വാതന്ത്ര്യ സമരം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഭയത്തിൽ നിന്നും അനീതിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള സമരമാണിതെന്ന വികാരനിർഭരമായ സന്ദേശം അദ്ദേഹത്തിന്റെ ഭാര്യയാണ് കൈയ്യെഴുത്തു പ്രതിയായി പുറത്തുവിട്ടത്.
കഴിഞ്ഞ 22 ദിവസമായി അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന വാങ്ചുകിന്റെ ആരോഗ്യാവസ്ഥ നിരീക്ഷിക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ശനിയാഴ്ച അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, പൊലീസ് അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അവിടെ അദ്ദേഹം അന്യായമായി തടങ്കലിൽ വെക്കപ്പെട്ടിരിക്കുകയാണെന്നും കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ച് അഭിജീത് ദിപ്കെയും ഇപ്പോൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.
നിരാഹാര സമരത്തിന്റെ 21-ാം ദിവസം ആരോഗ്യം മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നിർബന്ധിതമായി പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം ബോധാവസ്ഥയിലാണെന്നും ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഓക്സിജന്‍റെ അളവ് എന്നിവ സാധാരണ നിലയിലാണെന്നും ആശുപത്രി പുറത്തുവിട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
എന്നാൽ, തുടർച്ചയായ ദിവസങ്ങളിലെ ഉപവാസം അദ്ദേഹത്തിന്റെ ശരീരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ, ആരോഗ്യം കൂടുതൽ വഷളാകുന്നത് തടയാൻ ഉടനടി മെഡിക്കൽ ഇടപെടൽ ആവശ്യമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. എയിംസിൽ നിന്നുള്ള സ്വതന്ത്ര വിദഗ്ധ ഡോക്ടർമാരും അദ്ദേഹത്തെ പരിശോധിക്കുകയും അടിയന്തരമായി ശരീരത്തിലേക്ക് ലവണങ്ങളും ദ്രാവകങ്ങളും (ഐവി ഫ്ലൂയിഡ്) നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ സോനം വാങ്‌ചുക് നിരസിക്കുകയാണുണ്ടായത്. ശരീരത്തിലേക്ക് കുത്തിവെക്കുന്ന ഐവി ഫ്ലൂയിഡുകളോ ഒ.ആർ.എസ് ലായനിയോ മറ്റ് മരുന്നുകളോ സ്വീകരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. കൂടാതെ, ആശുപത്രി നിർദ്ദേശിച്ച ചികിത്സകൾ നൽകുന്നതിനായി അദ്ദേഹത്തിന്റെ കുടുംബവും ഇതുവരെ അനുമതി പത്രം ഒപ്പിട്ടു നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, സഫ്ദർജങ് ആശുപത്രിയിലെ സുതാര്യതക്കുറവും നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ ആശുപത്രി അധികൃതർക്ക് കത്തയച്ചിട്ടുണ്ട്. അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് അവരുടെ ആവശ്യം. കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കാതെയും തങ്ങളുടെ അനുമതിയില്ലാതെയും യാതൊരുവിധ മരുന്നുകളോ ദ്രാവകങ്ങളോ നൽകരുതെന്നും ആവശ്യമായ മരുന്നുകൾ കുടുംബം നേരിട്ട് എത്തിക്കുമെന്നും അവർ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ് അദ്ദേഹം ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

