ലഡാക് സമരനായകൻ സോനം വാങ്ചുകിന് പാക് ബന്ധം ആരോപിച്ച് പൊലീസ്
text_fieldsസോനം വാങ്ചുകിന്റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവർ
ന്യൂഡൽഹി: അറസ്റ്റിലായ ലഡാക് സമരനായകൻ സോനം വാങ്ചുകിനെതിരെ പാകിസ്താൻ ബന്ധം ആരോപിച്ച് പൊലീസ്.
ലഡാക് സംഘർഷത്തിനു പിന്നാലെ, വെള്ളിയാഴ്ച ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റു ചെയ്ത പ്രമുഖ പരിസ്ഥിതി, വിദ്യഭ്യാസ പ്രവർത്തകനായ സോനം വാങ്ചുകിന്റെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിൽ അടച്ചതിനു പിന്നാലെയാണ് പൊലീസ് ഇദ്ദേഹത്തിന്റെ പാകിസ്താൻ ബന്ധത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചത്.
വാങ്ചുകുമായി ആശയവിനിമയം നടത്തിയ പാകിസ്താന്‍ ഇന്റലിജൻസ് ഓഫീസറെ നേരത്തെ അറസ്റ്റ് ചെയ്തതായി ലഡാക്ക് ഡി.ജി.പി ഡോ. എസ്.ഡി. സിങ് ജംവാൾ മാധ്യമങ്ങളെ അറിയിച്ചു. അതിർത്തിയിലെ സന്ദർശനങ്ങൾ, വിദേശ ഫണ്ടിങ്, പാകിസ്താൻ സന്ദർശനം എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്നും ഡി.ജി.പി വിശദീകരിച്ചു. സംസ്ഥാന പദവി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലഡാക്കിൽ ചർച്ചകൾ നടക്കുന്നതിനിടെ, ഈ നടപടികൾ അട്ടിമറിക്കാനാണ് സോനം വാങ് ചുക് ശ്രമിച്ചതെന്നും, ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വിളിച്ചു ചേർത്ത് അദ്ദേഹം നിരാഹാര സമരം നടത്തിയെന്നും പൊലീസ് കുറ്റപ്പെടുത്തി. പാകിസ്താൻ, ബംഗ്ലാദേശ് സന്ദർശനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനൊപ്പം, കസ്റ്റഡിയിലുള്ള ഇന്ത്യൻ വംശജനായ പാക് പൗരനുമായുള്ള ബന്ധവും ആശയ വിനിമയവും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പ്രക്ഷോഭകരുടെ ആവശ്യം കണക്കിലെടുത്ത് ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യത്തിൽ ഡൽഹിയിൽ കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഇന്ന് നടക്കും. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് നിരാഹാര സമരം നയിച്ചത്.
ലേ അപ്പക്സ് ബോഡി (എൽ.എ.ബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ കൂട്ടായ്മകൾ സംയുക്തമായി സംസ്ഥാന പദവിക്കായി കഴിഞ്ഞ അഞ്ചു വർഷമായി നടത്തുന്ന സമരമാണ് കഴിഞ്ഞ ദിവസം അക്രമാസക്തമായി പൊലീസ് വെടിവെപ്പിലും നാലുപേരുടെ മരണത്തിലും കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റിയ വോങ്ചുക് അവിടെയും നിരാഹാരം തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. അറസ്റ്റ് ദൗർഭാഗ്യകരമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

