‘ഞാൻ നായകനല്ല, എല്ലാവരും സ്വന്തം അവകാശങ്ങൾക്കായി മുന്നിട്ടിറങ്ങണം’; പ്രതിഷേധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് സോനം വാങ്ചുക്
text_fieldsന്യൂഡൽഹി: താൻ ആധുനിക ഗാന്ധിയോ നായകനോ അല്ല, വെറുമൊരു സാധാരണ പൗരൻ മാത്രമാണെന്നും എല്ലാവരും സ്വന്തം അവകാശങ്ങൾക്കായി സ്വയം മുന്നിട്ടിറങ്ങാനും ആഹ്വാനം ചെയ്ത് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. രാജ്യത്ത് വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച് ജനതാ പാർട്ടി തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന നിരാഹാര സമരത്തിനിടെയാണ് വാങ്ചുക്കിന്റെ പ്രതികരണം.
നിരാഹാര സമരത്തിനിടെ തന്നെ ‘നായകനായി ആരെയും കാണേണ്ട, ഓരോരുത്തരും സ്വന്തം അവകാശങ്ങൾക്കായി സ്വയം മുന്നിട്ടിറങ്ങണം’ എന്ന് വാങ്ചുക് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. സമാധാനപരമായ പ്രതിഷേധം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
‘പലരും എന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗാന്ധി എന്നോ ആധുനിക ഗാന്ധി എന്നോ വിളിക്കുന്നു. മറ്റുള്ളവർ എന്നെ ഒരു നായകൻ എന്ന് വിളിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. ഞാൻ ഗാന്ധിയോ നായകനോ അല്ല. സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന ഒരു സാധാരണ പൗരൻ മാത്രമാണ്. ദയവായി മറ്റൊരാളിൽ നിങ്ങളുടെ നായകനെ കാണാതിരിക്കുക. നിങ്ങളുളെ ജീവിതത്തിലെ നായകൻ നിങ്ങൾ തന്നെയാകുക. ഒരു പൗരനെന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക’ -അദ്ദേഹം പറഞ്ഞു. കൂടാതെ, ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിൽ പങ്കെടുക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളോടും യുവജനങ്ങളോടും പ്രതിഷേധത്തിൽ പങ്കാളികളാകാനും ആഹ്വാനം ചെയ്തു.
വാങ്ചുക് നടത്തുന്ന നിരാഹാര സമരം 14ാം ദിവസത്തിലേക്ക് കടന്നു. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ആത്മഹത്യചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് സി.ജെ.പിയുടെ ജന്തർ മന്തറിലെ പ്രതിഷേധം.
ജൂൺ 28ന് ആരംഭിച്ച നിരാഹാര സമരം ദിവസങ്ങൾ പിന്നിടുമ്പോൾ വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക ഉയരുന്നതായി ഡോക്ടർമാർ അറിയിച്ചു. സമരത്തിനിടെ അദ്ദേഹത്തിന്റെ ശരീരഭാരം ഗണ്യമായി കുറഞ്ഞതായും ആരോഗ്യനില മെഡിക്കൽ സംഘം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും സംഘാടകർ അറിയിച്ചു. രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

