‘കുറ്റവാളിമുക്ത പാർലമെന്റ്’ വേണം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയോട് സോനം വാങ്ചുക്
text_fieldsസോനം വാങ്ചുക്
ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ‘സമാധാനപരമായ ഒരു വിപ്ലവം’ ആവശ്യമാണെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയുന്നതിനായി ‘കുറ്റവാളിമുക്ത പാർലമെന്റ്’ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് വാങ്ചുക് ഇക്കാര്യം പറഞ്ഞത്. 2014ൽ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് മോദി രാഷ്ട്രീയത്തിലെ ക്രിമിനൽ ഘടകങ്ങളുടെ സാന്നിധ്യം തടയുന്നതിനും പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എം.പിമാർക്കെതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസുകൾ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്ന കാര്യം വാങ്ചുക് ഓർമിപ്പിച്ചു.
‘ഈ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയിൽ നിന്ന് നമുക്ക് ഈ സമ്മാനം ആവശ്യപ്പെടാമോ? കുറ്റവാളിമുക്തമായ ഒരു പാർലമെന്റ്’ എന്നായിരുന്നു വാങ്ചുകിന്റെ ആഹ്വാനം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എല്ലാ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഈ നീക്കത്തെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ തേടുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള മികച്ച വ്യക്തികളെ കണ്ടെത്താനും വാങ്ചുക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ബുദ്ധിജീവികൾ മാത്രമല്ല, നിസ്വാർഥരും ഭയമില്ലാതെ നിലപാട് പറയാൻ കഴിയുന്നവരും വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയുമുള്ളവരുമായ ആളുകളെയാണ് താൻ തേടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 2047ഓടെ ഇന്ത്യ മാന്യമായ ഒരു രാഷ്ട്രമായി തുടരണമെങ്കിൽ, നേതാക്കളെ തിരഞ്ഞെടുക്കുന്ന രീതിയിലടക്കം മാറ്റങ്ങൾ ആവശ്യമാണെന്ന് വാങ്ചുക് പറഞ്ഞു. രാജ്യത്തെ എം.പിമാരിൽ പകുതിയോളം പേർ ക്രിമിനൽ കേസുകൾ നേരിടുന്നവരാണെന്നും മൂന്നിലൊന്ന് പേർ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ നേരിടുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇത്തരം സാഹചര്യം രാജ്യത്തെ ജനങ്ങളിലുള്ള വിശ്വാസപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും വാങ്ചുക് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തനിക്ക് ഉപദേശം നൽകാൻ കഴിയുന്ന വ്യക്തികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം ആവശ്യമാണെന്നും ലഡാക്കിലെ വിദൂര പ്രദേശത്ത് കഴിയുന്ന തനിക്ക് അവരെ കണ്ടെത്തുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തുനിന്നും നിസ്വാർഥമായി പ്രവർത്തിക്കുന്ന ഒരാളുടെയെങ്കിലും പേര് നിർദേശിക്കണമെന്നും വാങ്ചുക് അഭ്യർഥിച്ചു.
ജനങ്ങളുടെ പങ്കാളിത്തത്തോടെ രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് തുടക്കമിടാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. തന്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും കഴിയുമെങ്കിൽ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രചരിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

