സിജെപി സ്ഥാപകർക്കും രാഷ്ട്രീയ മോഹങ്ങളുണ്ട്, തെറ്റായി കാണേണ്ടതില്ലെന്ന് സോനം വാങ്ചുക്
text_fieldsന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകർക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള താൽപര്യമുണ്ടെന്നാണ് തന്‍റെ വിലയിരുത്തലെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും യുവാക്കൾ കൂടുതൽ സജീവമായി രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ സി.ജെ.പി സ്ഥാപകരെ അടുത്തുനിന്ന് പരിചയപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് തന്‍റെ വിലയിരുത്തലെന്നും വാങ്ചുക് വ്യക്തമാക്കി. പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സി.ജെ.പി സ്ഥാപകരായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരോടൊപ്പം വാങ്ചുക് പ്രക്ഷോഭത്തിൽ പ്രവർത്തിച്ചിരുന്നു. തങ്ങൾക്ക് രാഷ്ട്രീയ താൽപര്യമുണ്ടെന്ന് ഇവർ നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും, അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ആഗ്രഹമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് വാങ്ചുക് പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വരാനുള്ള ആഗ്രഹം സ്വാഭാവികമാണെന്നും അതിനെ തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളിൽ നിന്ന് പുതിയ രാഷ്ട്രീയ നേതാക്കൾ ഉയർന്നുവരുന്നത് നല്ല കാര്യമാണെന്നും വാങ്ചുക് അഭിപ്രായപ്പെട്ടു.
സി.ജെ.പി സ്ഥാപകരിൽ ഒരാളായ അഭിജീത് ദിപ്കെ നേരത്തെ ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്ന വിമർശനത്തെയും വാങ്ചുക് തള്ളി. ഒരാൾ മുമ്പ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി പ്രവർത്തിച്ചിട്ടുണ്ടെന്നത് തനിക്ക് പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിദ്യാർഥി പ്രക്ഷോഭത്തെ രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനത്തിൽ നിന്ന് അകറ്റിനിർത്തണമെന്ന് താൻ സി.ജെ.പി സ്ഥാപകരോട് ആവശ്യപ്പെട്ടിരുന്നതായി വാങ്ചുക് പറഞ്ഞു. പ്രക്ഷോഭം നിഷ്പക്ഷവും രാഷ്ട്രീയപാർട്ടി ബന്ധങ്ങളില്ലാത്തതുമായ വേദിയായി നിലനിർത്തിയാൽ കൂടുതൽ പിന്തുണ നേടാനാകുമെന്നായിരുന്നു തന്‍റെ നിലപാട്.
ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുമായി പ്രക്ഷോഭത്തെ ബന്ധപ്പെടുത്തി കാണാത്തതിനാലാണ് അതിന് ജനപിന്തുണ ലഭിച്ചതെന്നും വാങ്ചുക് പറഞ്ഞു. സി.ജെ.പി സ്ഥാപകർ ഈ നിലപാട് പാലിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുമെന്ന് വാങ്ചുക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ യുവാക്കൾ നിലവിലുള്ള രാഷ്ട്രീയ പാർട്ടികളിൽ ചേരുകയോ സ്വന്തമായി രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുകയോ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നാണ് തന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

