ബി.ജെ.പിയുടെ കപട വാഗ്ദാനങ്ങളും തൊഴിലില്ലായ്മയുമാണ് ലഡാക്ക് അക്രമത്തിന് കാരണമെന്ന് സോനം വാങ്ചുക്ക്
text_fieldsലേ: ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതും പ്രാദേശിക യുവാക്കൾക്കിടയിൽ വർഷങ്ങളായി നിലനിൽക്കുന്ന തൊഴിലില്ലായ്മയുമാണ് ലഡാക്കിലെ അക്രമത്തിന് കാരണമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക്. പ്രതിഷേധം തീവെപ്പിലേക്കും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലേക്കും നീങ്ങിയതിനു പിന്നാലെ ‘ഇന്ത്യാ ടുഡേ’യോട് സംസാരിച്ച വാങ്ചുക്ക്, തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളിലൊന്നാണിതെന്ന് സംഭവങ്ങളെ വിശേഷിപ്പിച്ചു.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിരാശരായ യുവാക്കളുടെ ‘സ്വാഭാവികമായ പൊട്ടിത്തെറി’ ആയിരുന്നു അതെന്നും വാങ്ചുക്ക് പറഞ്ഞു.
‘കഴിഞ്ഞ അഞ്ചു വർഷമായി മഹാത്മാഗാന്ധിയുടെ പാത പിന്തുടർന്ന് ഞങ്ങൾ അങ്ങേയറ്റം സമാധാനവും എപ്പോഴും സമാധാനപരമായ സമീപനങ്ങളും നിലനിർത്തിപ്പോന്നു. എന്നാൽ, ഇത് തികച്ചും അപ്രതീക്ഷിതമായ ഒന്നായിരുന്നു.
ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന പദവി നൽകണമെന്നും ആവശ്യപ്പെട്ട് രണ്ടാഴ്ചയിലേറെയായി നിരാഹാര സമരം നടത്തുന്ന വാങ്ചുക്, നിരാഹാര സമരക്കാരായ സഹപ്രവർത്തകരുടെ ആരോഗ്യസ്ഥിതി വഷളായതാണ് അക്രമത്തിന് ഒരു കാരണമെന്ന് പറഞ്ഞു. ചൊവ്വാഴ്ച ഒരു വയോധികനെയും സ്ത്രീയെയും നില ഗുരുതരമായതിനെത്തുടർന്ന് സ്ട്രെച്ചറുകളിലേറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത് യുവാക്കളുടെ) രക്തം തിളപ്പിച്ചു. ഒരു കാരണവുമില്ലാതെ 16 ദിവസത്തിനപ്പുറത്തെ ചർച്ചകൾക്ക് സർക്കാർ തീയതി നീട്ടി നൽകിയതോടെ ആളുകൾ വളരെ അസ്വസ്ഥരായി. ഈ നിരാശയും അക്രമങ്ങളിലേക്കു നയിച്ചു.
വർഷങ്ങളായി പരിഹരിക്കപ്പെടാത്ത ആവശ്യങ്ങളുമായും അദ്ദേഹം പൊട്ടിത്തെറിയെ ബന്ധപ്പെടുത്തി. യുവാക്കൾ കഴിഞ്ഞ അഞ്ച് വർഷമായി തൊഴിലില്ലാത്തവരായി തുടരുന്നു. പ്രത്യേകിച്ച് ഉയർന്ന തലങ്ങളിൽ ജോലികളൊന്നുമില്ല. ജനാധിപത്യത്തെ വെട്ടിച്ചുരുക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ മുൻകയ്യിൽ നടന്നതാണെന്ന ആരോപണവും ആക്ടിവിസ്റ്റ് തള്ളിക്കളഞ്ഞു. രാഷ്ട്രീയവൽക്കരണത്തെക്കുറിച്ചുള്ള ആരോപണം ഒഴിവാക്കാൻ കോൺഗ്രസ് പ്രതിനിധികളോട് സമരത്തിൽനിന്ന് മാറിനിൽക്കാൻ പോലും സമര സമിതി ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലേയിൽ ബി.ജെ.പി ഓഫിസിനും ഒരു സി.ആർ.പി.എഫ് വാനിനും പ്രതിഷേധക്കാർ തീയിട്ടതിനെ തുടർന്ന് കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷാ സേന കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വെടിവെക്കുകയും ചെയ്തതിൽ 30 ലധികം പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. തുടർന്ന് ലഡാക്ക് തലസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

