ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് പിന്തുണയുമായി സോനം വാങ്ചുക്
text_fieldsസോനം വാങ്ചുക്, അഭിജിത്ത് ദീപ്ക്കെ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 2-ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച പ്രതിഷേധത്തിന് പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ പിന്തുണ. രാജ്യത്തെ തെരഞ്ഞെടുപ്പ് രീതികളിലും ജനാധിപത്യ പ്രക്രിയകളിലും ഉത്തരവാദിത്തം കൊണ്ടുവരാനുള്ള ഏതൊരു നീക്കത്തിനും തന്റെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പ്രതിഷേധത്തിൽ താൻ നേരിട്ട് പങ്കെടുത്തേക്കില്ലെന്ന് വാങ്ചുക് വ്യക്തമാക്കി. 'പ്രസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് മുന്നോട്ടുപോകാൻ പ്രാപ്തരാകണം. ധാരാളം ആളുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ രംഗത്തുണ്ട് എന്നത് സന്തോഷകരമാണ്. അതുകൊണ്ടുതന്നെ സി.ഇ.സി വിഷയത്തിൽ എന്റെ ശാരീരിക സാന്നിധ്യം ആവശ്യമായി വരില്ലെന്നാണ് കരുതുന്നത്,' അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറ തെരഞ്ഞെടുപ്പ് സംവിധാനമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ തകരാറിലായാൽ പിന്നെ ജനാധിപത്യത്തിൽ എന്ത് ബാക്കിയാകുമെന്നും അദ്ദേഹം ചോദിച്ചു. സർക്കാരുകൾ ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കപ്പെടണം. ലഡാക്കിന് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവി വാഗ്ദാനം ചെയ്തിട്ട് ഇനിയും നടപ്പാക്കാത്ത കാര്യം അദ്ദേഹം ഓർമിപ്പിച്ചു. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 സമാധാനപരമായ പ്രതിഷേധങ്ങളിലൂടെ ജനകീയ അവകാശങ്ങൾ നേടിയെടുക്കാൻ ഏറ്റവും അനുയോജ്യമായ പുണ്യദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർ രജിസ്ട്രേഷൻ, പേരുകൾ വെട്ടിമാറ്റൽ, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) എന്നിവയുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ രേഖാമൂലം ശക്തമായ വിയോജിപ്പുകൾ രേഖപ്പെടുത്തിയെന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം വീണ്ടും വലിയ രാഷ്ട്രീയ വിവാദമായത്. എന്നാൽ, എസ്.ഐ.ആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും മൂന്ന് കമ്മീഷണർമാരുടെയും ഏകകണ്ഠമായ അനുമതിയോടെയാണ് എടുത്തതെന്ന് ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടിരുന്നു. സി.ജെ.പിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2-ന് മുംബൈയിലാണ് പ്രതിഷേധ സമരം ആരംഭിക്കുന്നത്. വിഷയത്തിൽ യോജിച്ച നീക്കം തീരുമാനിക്കാൻ 'ഇന്ത്യ' മുന്നണി പാർട്ടികൾ സെപ്റ്റംബർ 30-ന് ഡൽഹിയിൽ യോഗം ചേരാനിരിക്കെയാണ് വാങ്ചുകിന്റെ പരസ്യ പിന്തുണ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

