'ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക': വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; ഭരണഘടനയുടെ ആമുഖം ചൊല്ലി സുപ്രിംകോടതി അഭിഭാഷകര്‍
text_fieldsഭരണഘടനയുടെ ആമുഖം ചൊല്ലി അഭിഭാഷകര്‍ സുപ്രിംകോടതിയില്‍
ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കും അധികാരികളുടെ നിയമവിരുദ്ധ നടപടികള്‍ക്കുമെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍, സുപ്രീം കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ കോടതി അങ്കണത്തില്‍ ഒത്തുകൂടി ഭരണഘടനയുടെ ആമുഖം കൂട്ടമായി വായിച്ചു. "ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക" എന്ന ദേശീയ കാമ്പയിന്റെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
കോടതിയുടെ ഉച്ചഭക്ഷണ ഇടവേളയിലാണ് അഭിഭാഷകര്‍ പുല്‍ത്തകിടിയില്‍ ഒത്തുകൂടി ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ചത്. ജനാധിപത്യ രാജ്യത്ത് ഉറപ്പുനൽകുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പവിത്രമായ ഭരണഘടനാ മൂല്യങ്ങള്‍ അവര്‍ ഒറ്റക്കെട്ടായി വീണ്ടും ഉറപ്പിച്ചു. പ്രമുഖ സീനിയര്‍ അഭിഭാഷകരായ ഇന്ദിര ജെയ്‌സിംഗ്, ഡോ. എസ്. മുരളീധര്‍ എന്നിവര്‍ ഒത്തുകൂടലിന് നേതൃത്വം നല്‍കി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും സീനിയര്‍ അഭിഭാഷകനുമായ വികാസ് സിങും സന്നിഹിതനായിരുന്നു.
ആനന്ദ് ഗ്രോവര്‍, അഞ്ജന പ്രകാശ്, സഞ്ജയ് ഘോഷ്, ഷദാന്‍ ഫറസത്ത്, അരുന്ധതി കട്ജു, മഹാ ലക്ഷ്മി പാവനി, നന്ദിത റാവു, പി.വി. സുരേന്ദ്രനാഥ്, മണാലി സിംഗാൽ, സംഗീത ഭാരതി, പി.വി. ദിനേഷ്, ജയന്ത് താക്കൂർ, പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവര്‍ തുടങ്ങി നിരവധി പ്രമുഖ അഭിഭാഷകരും ബാറിലെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സുപ്രീം കോടതി ബാറിലെ യുവ അഭിഭാഷകരുടെ വലിയൊരു നിര തന്നെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു എന്നത് ശ്രദ്ധേയമായി. ഇന്ത്യന്‍ ദേശീയ പതാകകളും ഭരണഘടനയുടെ പകര്‍പ്പുകളുമായാണ് അഭിഭാഷകര്‍ കൂട്ടായ്മയില്‍ അണിനിരന്നത്.
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. പരീക്ഷാ ക്രമക്കേടുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും എതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ജന്തര്‍മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നും കനത്ത അതിക്രമങ്ങളും ലാത്തിച്ചാര്‍ജും ഉണ്ടായിരുന്നു. ഇതിനെതിരെ സുപ്രീം കോടതി ബാര്‍ അസോസിയേഷനും വിവിധ അഭിഭാഷക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അക്രമങ്ങളെ അപലപിച്ച അഭിഭാഷകര്‍, ഈ സംഭവത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കും ഭരണഘടനാ ലംഘനങ്ങള്‍ക്കുമെതിരെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള അഭിഭാഷകരുടെ കൂട്ടായ്മ ദേശീയതലത്തില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന നിലവിലെ സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ സമാനമായ കൂട്ടായ്മകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

