മണിപ്പൂരിലെ പീഡിത ന്യൂനപക്ഷത്തിന് ഐക്യദാർഢ്യമായി ശാന്തിസംഗമം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയാണെന്നത് ഭരണ കൂടവും ഉൾകൊള്ളണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർമണി ആൻഡ് പീസ് ഡയറക്ടർ ഫാദർ എം.ഡി തോമസ് ആവശ്യപെട്ടു. ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിച്ച ശാന്തി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഫാദർ തോമസ്.
മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികൾക്കു വേണ്ടി ഡൽഹിയിൽ പ്രതിഷേധമുയർത്തുന്നതിലൂടെ മുസ്ലിം യൂത്ത് ലീഗ് മതേതര ഇന്ത്യക്ക് മഹത്തായ സന്ദേശമാണ് നൽകുന്നതെന്ന് ഫാദർ തോമസ് പറഞ്ഞു.സർവമത സൻസദ് ദേശീയ കൺവീനർ സ്വാമി സുശീൽ മഹാരാജ് ഉൽഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി അധ്യക്ഷത വഹിച്ചു.
മണിപ്പൂരിൽ ക്രൈസ്തവ വിശ്വാസികൾ ആക്രമിക്കപ്പെട്ടതിലൂടെ ഫാസിസ്റ്റുകളുടെ വേട്ടക്ക് ജാതിമത ഭേദമില്ലാതെ എല്ലാവരും ഇരകളാകുമെന്ന തിരിച്ചറിവ് ഉണ്ടാവണമെന്നും മതേതര വിശ്വാസികൾ ഒരുമിച്ചു നിന്ന് ഫാസിസത്തെ പ്രതിരോധിക്കണമെന്നും പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത പാർലിമെന്റ് മസ്ജിദ് ഇമാം ശൈഖ് മുഹിബ്ബുല്ല നദ്‌വി അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലിം എഞ്ചിനീയർ, മൗലാന നിസാർ അഹമ്മദ്, ഫൈസൽ ഷെയ്ഖ്, വി.എം ജഹാന, അഡ്വ.സർവേഷ് മാലിക്, ഫൈസൽ ഗുഡല്ലൂർ, ഷഹസാദ് അബ്ബാസി, അജ്മൽ മുഫീദ്, വസീം അക്രം, പി അസ്ഹറുദ്ധീൻ എന്നിവർ പ്രസംഗിച്ചു.യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് ഷിബു മീരാൻ സ്വാഗതവും ദേശീയ നിർവാഹക സമിതി അംഗം സി.കെ ശാക്കിർ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

