'സിമന്റിന് പോലും ‘ഹലാൽ’ മുദ്ര കണ്ട് ഞെട്ടി', ഇതുകണ്ടാൽ സുപ്രീംകോടതിയും ഞെട്ടുമെന്ന് സോളിസിറ്റർ ജനറൽ; സുപ്രീംകോടതിയിൽ വാദപ്രതിവാദം
text_fieldsന്യൂഡൽഹി: മാംസേതര ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നതുകണ്ട് ഞെട്ടിയെന്ന് കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ (എസ്.ജി) തുഷാർ മേത്ത സുപ്രീംകോടതിയിൽ. ഹലാൽ ഉൽപന്നങ്ങൾ നിരോധിച്ച ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിന്റെ നടപടിക്കെതിരെ ജംഇയ്യതുൽ ഉലമായെ ഹിന്ദ് സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് എസ്.ജി അമ്പരപ്പ് പ്രകടിപ്പിച്ചത്. ‘ഹലാൽ’ എന്നത് ജീവിതരീതിയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹലാൽ സർട്ടിഫിക്കറ്റ് സസ്യേതര ഭക്ഷണങ്ങൾക്ക് മാത്രമല്ലെന്നും ജംഇയ്യതിന്റെ അഭിഭാഷകൻ ഇതിന് മറുപടിയും നൽകി.
സിമന്റിന് പോലും ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതുകണ്ട് ഞായറാഴ്ച താൻ ഞെട്ടിയെന്നും ഇതുകണ്ടാൽ സുപ്രീംകോടതിയും ഞെട്ടുമെന്നും മേത്ത പറഞ്ഞു. ഇരുമ്പുകമ്പികൾക്കും വെള്ളക്കുപ്പികൾക്കും ആട്ടക്കും കടലപ്പൊടിക്കും ഹലാൽ സർട്ടിഫിക്കറ്റ് വേണമെന്നായിരിക്കുന്നു. ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന ഏജൻസികൾ ലക്ഷം കോടികളാണ് ഇതിലൂടെ ലാഭം ഉണ്ടാക്കുന്നതെന്നും മേത്ത ആരോപിച്ചു.
എന്നാൽ, ഹലാൽ എന്നത് സസ്യേതര ഭക്ഷണങ്ങൾ മാത്രമല്ലെന്നും കേന്ദ്ര സർക്കാർ നയത്തിൽത്തന്നെ ഇക്കാര്യം വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്നും ജംഇയ്യതിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. എം.ആർ. ഷംഷാദ് മറുപടി നൽകി. ചുരുക്കം ചിലയാളുകൾക്ക് വേണ്ടിയുള്ള ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങൾക്ക് ഹലാലിൽ വിശ്വാസമില്ലാത്തവർ എന്തിനാണ് വലിയ വില കൊടുക്കേണ്ടിവരുന്നതെന്നായി ഇതോടെ എസ്.ജി. ഹലാൽ ഉൽപന്നങ്ങൾ ആരും നിർബന്ധമാക്കിയിട്ടില്ലെന്ന് ഷംഷാദ് ഇതിനോട് പ്രതികരിച്ചു.
ഹലാൽ ഉൽപന്നങ്ങളുടെ ഉൽപാദനവും വിൽപനയും ശേഖരണവും വിതരണവും നിരോധിച്ച് കഴിഞ്ഞ നവംബർ 18നാണ് ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ബി.ജെ.പി യുവജന വിഭാഗമായ യുവമോർച്ച നേതാവിന്റെ പരാതിയെ തുടർന്നായിരുന്നു നടപടി. ഇതിനെതിരെ ജംഇയ്യത് മഹാരാഷ്ട്ര ഘടകവും ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി യു.പി സർക്കാറിന് നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

