പുണെ: വഴിതെറ്റി നിയന്ത്രണരേഖ കടന്നതിനെ തുടർന്ന് പാകിസ്താനിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ പട്ടാളക്കാരൻ സംഭവത്തിന് 18 മാസത്തിനുശേഷം സൈന്യം വിടാൻ താൽപര്യം പ്രകടിപ്പിച്ചു. 2016 സെപ്റ്റംബർ 29ന് പാകിസ്താൻ പിടിയിലായ സൈനികൻ ചന്ദു ചവാനാണ് സൈന്യത്തിൽനിന്ന് വിടുതൽ ആവശ്യപ്പെട്ട് മേലധികാരികൾക്ക് കത്ത് നൽകിയത്. നിയന്ത്രണരേഖ അപ്പുറത്ത് ഭീകരക്യാമ്പുകൾക്കുനേരേ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയതിനു പിന്നാലെയാണ് 24കാരനായ ചന്ദു പാക് പട്ടാളത്തിെൻറ പിടിയിലാകുന്നത്. തുടർന്ന് നാലു മാസത്തിനുശേഷം സൈനികനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറി. തുടർന്ന് കദക്കി സൈനിക ആശുപത്രിയിലെ മാനസികാരോഗ്യ വാർഡിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.
തിരിച്ചെത്തിയശേഷം സൈനിക അന്വേഷണം നേരിട്ട ചന്ദുവിന് 89 ദിവസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. മേലധികാരികളെ അറിയിക്കാതെ ആയുധവുമായി ക്യാമ്പ് വിട്ടതിനായിരുന്നു അച്ചടക്ക നടപടി.