ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ ജവാൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദർബേനി സെക്ടറിലുണ്ടായ ഷെല്ലാക്രമണത്തിലാണ് യഷ് പോൾ (24) എന്ന ജവാൻ കൊല്ലപ്പെട്ടത്. നാലു ജവാൻമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ പാകിസ്താൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെപ്പും ഷെല്ലാക്രമണം നടത്തിയതായി സേന വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച രാത്രിയിലും സുന്ദർബേനിയിലും അഖ്നൂർ സെക്ടറിലും മോർട്ടാർ ബോംബാക്രമണവും വെടിവെപ്പും നടന്നിരുന്നു.
ജനുവരി മുതൽ ഇതുവരെ 110 തവണ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായാണ് റിപ്പോർട്ട്.