നുഴഞ്ഞുകയറ്റം തടയുന്നതിനിടെ സൈനിക ഓഫിസർക്ക് വീരമൃത്യു
text_fieldsകുൽദീപ് ചന്ദ്
ജമ്മു: ജമ്മു -കശ്മീർ അക്നൂർ സെക്ടറിലെ രാജ്യാന്തര അതിർത്തിക്ക് സമീപം തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമീഷൻഡ് ഓഫിസർ വീരമൃത്യു വരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശി സുബേദാർ കുൽദീപ് ചന്ദ് ആണ് നുഴഞ്ഞുകയറ്റം തടയുന്നതിനിടെ കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെ സൈന്യം തുരത്തുകയായിരുന്നു. മേഖലയിൽ സൈന്യം ശക്തമായ തിരച്ചിൽ തുടരുന്നുണ്ട്.
അതിർത്തിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജമ്മു-കശ്മീരിലെ പൂഞ്ചിൽ ഇരുരാജ്യങ്ങളുടെയും ബ്രിഗേഡ് കമാൻഡർമാരുടെ യോഗം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പാക് അധീന കശ്മീരിൽനിന്ന് തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
ഏപ്രിൽ അഞ്ചിന് നുഴഞ്ഞുകയറ്റക്കാരൻ ബി.എസ്.എഫ് ജവാനെ വെടിവെച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് ബ്രിഗേഡ് കമാൻഡർതല യോഗം നടത്തിയത്. ഫെബ്രുവരിയിൽ ഡസനോളം ഏറ്റുമുട്ടലുകളുണ്ടാവുകയും സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ചെയ്ത സഹചര്യത്തിൽ ഇത്തരത്തിൽ യോഗം നടത്തിയിരുന്നു. രണ്ടാമത്തെ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്.
മൂന്ന് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ജമ്മു-കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സൈന്യം മൂന്ന് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു. പാകിസ്താൻ ആസ്ഥാനമായ ജയ്ശെ മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. മലയോര ജില്ലയായ കിഷ്ത്വാറിൽ തീവ്രവാദി വേട്ട തുടരുകയാണ്. ഇവിടത്തെ ഛത്രു ബെൽറ്റിൽ വെള്ളിയാഴ്ച രാവിലെ ഒരു തീവ്രവാദിയെ വധിച്ചിരുന്നു. ഏപ്രിൽ ഒമ്പതിനാണ് പ്രത്യേക ദൗത്യം ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയെയും രാത്രികാല വെല്ലുവിളികളെയും നേരിട്ട് മികച്ച രീതിയിലാണ് ദൗത്യസംഘം പ്രവർത്തിച്ചതെന്നും ഇന്ത്യൻ സൈനികർക്ക് ആർക്കും പരിക്കില്ലെന്നും കമാൻഡർ ബ്രിഗേഡിയർ ജെ.ബി.എസ് രതി പറഞ്ഞു.
ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു
ബിജാപൂർ: ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ നക്സൽ വേട്ടക്കിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബിജാപൂർ, ദന്തേവാഡ ജില്ലകളിലെ ജില്ല റിസർവ് ഗാർഡ് (ഡി.ആർ.ജി), പ്രത്യേക ദൗത്യസേന, സി.ആർ.പി.എഫിന്റെ കോബ്ര സംഘം എന്നിവയാണ് തിരച്ചിലിൽ പങ്കെടുത്തത്. മൂന്ന് നക്സലുകളുടെ മൃതദേഹങ്ങളും ആയുധ, സ്ഫോടകവസ്തു ശേഖരവും കണ്ടെടുത്തു.
ഈ വർഷം സംസ്ഥാനത്ത് ഏറ്റുമുട്ടലുകളിലായി 138 നക്സലുകളാണ് കൊല്ലപ്പെട്ടത്. ഇതിൽ 122 പേരും ബിജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

