‘എയർബസി’നെ നിലത്തിറക്കാൻ കാരണമായ വില്ലൻ സൗരോർജ വികിരണം
text_fieldsന്യൂഡൽഹി: യുറോപ്പിലെ വമ്പൻ വിമാനകമ്പനിയായ ‘എയർബസ്’ വിമാനങ്ങളിൽ അടിയന്തര അറ്റകൂറ്റപ്പണി നടത്തുന്നതിനായി ആഗോളതലത്തിൽ 6000ത്തോളം വിമാനങ്ങൾ നിലത്തിറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 55 വർഷത്തിനിടെ എയർബസ് നടത്തുന്ന ഏറ്റവും വലിയ തിരിച്ചുവിളിക്കലാണ് ഇത്. തീവ്രമായ സൗരോർജ വികിരണം ഫ്ലൈറ്റ് കൺട്രോളുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് എയർബസ് അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദേശം.
വിമാനത്തിന്റെ ഇ.എൽ.എ.സി B ഹാർഡ്‌വെയറിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ പതിപ്പായ ‘എൽ104’ തീവ്രമായ സൗരജ്വാലകൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്ന് അന്വേഷകർ കണ്ടെത്തി. ഇത് വിമാനത്തിന്റെ എലിവേറ്ററുകൾ അപ്രതീക്ഷിതമായി നീങ്ങാൻ കാരണമായേക്കാം. വിമാനത്തെ അതിന്റെ നിർണിത പരിധിക്കപ്പുറത്തേക്ക് തള്ളിവിടാനും സാധ്യതയുണ്ടെന്ന് ‘എയ്‌റോസ്‌പേസ് ഗ്ലോബൽ’ പറയുന്നു.
സൗരവികിരണം എന്നത് സൂര്യൻ പുറപ്പെടുവിക്കുന്ന ഊർജസ്വലമായ കണികകളുടെയും വൈദ്യുതകാന്തിക തരംഗങ്ങളുടെയും പ്രവാഹമാണ്. ഇതിൽ അൾട്രാവയലറ്റ് രശ്മികൾ, പ്രോട്ടോണുകൾ, ഇലക്ട്രോണുകൾ പോലുള്ള കണികകൾ തുടങ്ങിയവ ഉൾപ്പെടുന്നു. പറക്കലിനിടെ, ഉയർന്ന സൗരോർജ ജ്വാലകൾ വിമാനത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളുമായി സമ്പർക്കത്തിലാവാം. ഇത് നാവിഗേഷൻ, ആശയവിനിമയം, ഫ്ലൈറ്റ് കൺട്രോൾ ഡാറ്റ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് ഘടകങ്ങളെ തടസ്സപ്പെടുത്തും. ദുർബലമായ സോഫ്റ്റ്‌വെയറിലെ എലവേഷൻ കണക്കുകൂട്ടലുകളെ തകരാറിലാക്കാനും കഴിയും. ഇതുമൂലം വിമാനത്തിന്റെ രൂപകൽപനയിലും സിസ്റ്റത്തിന്റെ ദൃഢതയിലും വ്യോമാതിർത്തി സുരക്ഷയിലുമെല്ലാം നിർണായമായി പരിഗണിക്കേണ്ട ഘടകമായി സൗരവികിരണം മാറുന്നു.
എയർബസും അതിന്റെ പ്രധാന എതിരാളിയായ ബോയിങ്ങും ചേർന്ന് ലോകത്തിലെ വാണിജ്യ-യാത്രയുടെ മുക്കാൽ ഭാഗവും നിയന്ത്രിക്കുന്നതിനാൽ സുരക്ഷ മുൻനിർത്തിയുള്ള ഈ തിരിച്ചുവിളിക്കൽ പ്രധാനമാണ്,
ഒക്ടോബർ 30ന് കാൻകൂണിൽ നിന്ന് ന്യൂവാർക്കിലേക്ക് പറക്കുന്നതിനിടെ ജെറ്റ്ബ്ലൂ എ320 വിമാനം പൈലറ്റിന്റെ ഇടപെടൽ ഇല്ലാതെ അപ്രതീക്ഷിതമായി താഴേക്ക് ഇറങ്ങിയ സംഭവത്തെ തുടർന്നാണ് വെള്ളിയാഴ്ച ഈ അപൂർവ നിർദേശം പുറപ്പെടുവിച്ചത്. വിമാനം 35,000 അടി ഉയരത്തിൽ തകരാറിലാവുകയും ഫ്ലോറിഡയിലെ ടാമ്പയിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടി വരികയും ചെയ്തു. അപകടത്തിൽ 15 യാത്രക്കാർക്ക് പരിക്കേൽക്കുകയുണ്ടായി.
എയർബസിന്റെ അന്വേഷണത്തിൽ സൗരവികിരണം ഇ.എൽ.എ.സി ഡാറ്റയെ ബാധിച്ചതായി തിരിച്ചറിഞ്ഞു. ഓട്ടോപൈലറ്റ് പാത ശരിയാക്കിയാണ് നിലത്തിറക്കിയത്. തിരിച്ചറിഞ്ഞ ഒരേയൊരു സംഭവമായി ഇത് അടയാളപ്പെടുത്തിയെങ്കിലും വിശകലനത്തിൽ എയർബസിന്റെ വേരിയന്റുകളിൽ വിപുലമായ അപകടസാധ്യതകൾ വെളിപ്പെടുത്തി.
കമാൻഡ് ഇല്ലാതെ താഴ്ന്നതിനെ തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. ഇ.എൽ.എ.സി (ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടർ) സ്വിച്ച് മാറ്റുന്നതിനിടെയാണ് പെട്ടെന്നുള്ള തകരാർ സംഭവിച്ചതെന്ന് യു.എസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് പറഞ്ഞു. സൗരോർജ ജ്വാലകൾ ഫ്ലൈറ്റ് കൺട്രോൾ ഡാറ്റയെ ദുഷിപ്പിക്കുമെന്ന് അടുത്തിടെയുണ്ടായ സംഭവം കാണിക്കുന്നുവെന്ന് എയർബസും വെളിപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

