സോളാര്‍: കുരുവിള സത്യവാങ്മൂലം നല്‍കി; 18ന് ക്രോസ് വിസ്താരം
text_fieldsബംഗളൂരു: സോളാര്‍ കേസ് വിധി ചോദ്യംചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍കക്ഷിയായ എം.കെ. കുരുവിള ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും സാക്ഷികളെ വിസ്തരിക്കാനും ഫെബ്രുവരി 13 വരെ കുരുവിളക്ക് സമയം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കുരുവിളക്ക് പറയാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിച്ചത്.
എന്നാല്‍, സാക്ഷികളെയൊന്നും ഹാജരാക്കിയില്ല. സത്യവാങ്മൂലത്തില്‍ അപ്പോള്‍ തന്നെ ക്രോസ് വിസ്താരത്തിന് തയാറാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ ജോസഫ് ആന്‍റണി അറിയിച്ചെങ്കിലും കുരുവിളയുടെ അഭിഭാഷകന്‍ ബി.എന്‍. ജയദേവ രണ്ടുദിവസം സമയമില്ളെന്ന് അറിയിച്ചതോടെ 18ലേക്ക് മാറ്റുകയായിരുന്നു.
4000 കോടിയുടെ സോളാര്‍ പ്ളാന്‍റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ 1.35 കോടി രൂപ തട്ടിയെന്നാരോപിച്ച് എം.കെ. കുരുവിള 2015 മാര്‍ച്ച് 23നാണ് ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ കോടതിയെ സമീപിച്ചത്. ആറു പ്രതികളുള്ള കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. ഇവര്‍ 12 ശതമാനം പലിശയടക്കം 1,60,85,700 രൂപ മൂന്ന് മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി ഒക്ടോബര്‍ 24ന് ഉത്തരവിട്ടിരുന്നു. എന്നാല്‍, തന്‍െറ വാദം കേള്‍ക്കാതെയാണ് വിധിയെന്നും ഇത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി അപ്പീല്‍ നല്‍കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയെ ക്രോസ് വിസ്താരം നടത്തുകയും കൂടുതല്‍ തെളിവുകളും സാക്ഷികളെയും ഹാജരാക്കാന്‍ കുരുവിളക്ക് രണ്ടു തവണ കോടതി സമയം നീട്ടി നല്‍കുകയും ചെയ്തിരുന്നു. തെളിവ് ഹാജരാക്കാത്തതിനാല്‍ ജനുവരി 24ന് വിധി നടപ്പാക്കുന്നത് കോടതി നീട്ടിവെച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഹരജി തീര്‍പ്പാകും വരെ വിധി നടപ്പാക്കാന്‍ ആവശ്യപ്പെടില്ളെന്ന് കുരുവിള കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
