മുംബൈ: സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ കുറ്റമുക്തനാക്കിയ കീഴ്കോടതി വിധി ചോദ്യംചെയ്യാത്ത സി.ബി.െഎ നടപടിക്കെതിരെ അഭിഭാഷക സംഘടന ബോംബെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു. സെഷൻസ് കോടതി ഉത്തരവിനെതിരെ പുതുക്കിയ അപേക്ഷ നൽകാൻ സി.ബി.െഎക്ക് നിർദേശം നൽകണമെന്ന് ബോംബെ േലായേഴ്സ് അസോസിയേഷൻ ഹരജിയിൽ ആവശ്യപ്പെട്ടു.
ഹരജി ജസ്റ്റിസുമാരായ എസ്.സി. ധർമാധികാരി, ഭാരതി ധാംഗ്രെ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുമ്പാകെ തിങ്കളാഴ്ച പരിഗണനക്കെത്തുമെന്ന് പരാതിക്കാരുടെ അഭിഭാഷകൻ അഹമ്മദ് ആബിദി പറഞ്ഞു.
രാജസ്ഥാൻ പൊലീസിലെ എസ്.െഎമാരായ ഹിമാൻഷു സിങ്, ശ്യാംസിങ് ചരൺ, ഗുജറാത്ത് പൊലീസ് ഒാഫിസർ എൻ.കെ. അമിൻ എന്നിവരെ വിചാരണ കോടതി കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.െഎ ഹൈകോടതിയെ സമീപിച്ചിരുന്നു. പ്രതികളിൽ ചിലർക്കെതിരെ അപ്പീൽ നൽകുകയും ചിലരെ ഒഴിവാക്കുകയും ചെയ്യുന്നത് അന്യായവും വഞ്ചനാപരമായ സമീപനവുമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.