തൊഴിലാളികളുടെ കഠിനാധ്വാനത്തെ സമൂഹം വിലമതിക്കുന്നില്ല; ഏറ്റവും കുറഞ്ഞ വേതനവും പരിഗണനയും അവർക്കെന്ന് ഡൽഹി ഹൈകോടതി
text_fieldsപ്രതീകാത്മക എ.ഐ ചിത്രം
ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ വേതനവും പരിഗണനയുമാണ് ലഭിക്കുന്നതെന്നും അവരുടെ ശാരീരിക അധ്വാനത്തെ സമൂഹം വേണ്ടത്ര വിലമതിക്കുന്നില്ലെന്നും ഡൽഹി ഹൈകോടതി. തൊഴിലാളികളുടെ കഠിനാധ്വാനത്തെ പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ ആദരിക്കുകയും യഥോചിതമായി പ്രതിഫലം നൽകുകയും ചെയ്യുന്ന സാഹചര്യം ഇന്ത്യയിൽ ഇല്ലെന്നത് ദയനീയമാണെന്നും കോടതി വ്യക്തമാക്കി.
ഉറങ്ങാൻ ശ്രമിച്ചിരുന്ന തൊഴിലാളിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളുടെ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് വിമൽ കുമാർ യാദവിന്റെ നിരീക്ഷണം. ദിവസവും കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികൾക്ക് രാത്രിയിൽ ശാന്തമായ ഉറക്കം അനിവാര്യമാണെന്നും എന്നാൽ രാജ്യത്ത് അവർ നേരിടുന്ന അവഗണന തുടർച്ചയായ ദുരിതാവസ്ഥയായി മാറിയിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2002 മാർച്ച് 17ന് ഡൽഹിയിലെ ചാന്ദ്നി ചൗക്കിലെ ലജ്പത് റായ് മാർക്കറ്റിലായിരുന്നു സംഭവം. ഒരു കടയുടെ വരാന്തയിൽ ഉറങ്ങുകയായിരുന്ന രാജീന്ദർ കുമാർ, സമീപത്ത് ബഹളം സൃഷ്ടിച്ചുകൊണ്ടിരുന്ന വീർ പാലിനോടും സംഘത്തോടും അത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ വീർ പാൾ രാജീന്ദർ കുമാറിനെ തള്ളിയിടുകയും മൂർച്ചയേറിയ ഉപകരണം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതു.
കേസിൽ വിചാരണക്കോടതി വീർ പാളിനെ കൊലപാതകശ്രമത്തിന് കുറ്റക്കാരനാക്കി അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ സംഭവത്തിൽ കൊലപാതകശ്രമത്തിന് ആവശ്യമായ ഉദ്ദേശ്യമോ മുൻകൂട്ടിയുള്ള ആസൂത്രണമോ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹൈകോടതി കണ്ടെത്തി. തുടർന്ന് കുറ്റം "അപകടകരമായ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ" എന്നതായി മാറ്റുകയും അഞ്ച് വർഷത്തെ തടവുശിക്ഷ മൂന്ന് വർഷമാക്കി കുറക്കുകയും ചെയ്തു.
സംഭവം നടന്നത് 24 വർഷം മുമ്പാണെന്നും പിന്നീട് പ്രതിക്കെതിരെ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടായതായി രേഖകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ജീവിതവും അവകാശങ്ങളും കൂടുതൽ പരിഗണിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും വിധിയിൽ കോടതി ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

