സമൂഹ മാധ്യമ ഉള്ളടക്കം: നിയന്ത്രണം കടുപ്പിച്ച് സർക്കാർ: നിയമവിരുദ്ധ ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കണം
text_fieldsന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി 36 മണിക്കൂറിൽ നിന്നും മൂന്ന് മണിക്കൂറായി കുറച്ച് കേന്ദ്ര സർക്കാർ നിർദേശം. 2021ലെ ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തിയാണ് സാമൂഹിക മാധ്യമ ഉള്ളടക്കങ്ങളിൽ കേന്ദ്ര സർക്കാർ നിയന്ത്രണം കടുപ്പിച്ചത്. മെറ്റ, യൂ ട്യൂബ്, എക്സ് ഉൾപ്പെടെ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകൾക്ക് വെല്ലുവിളിയാവുന്നതാണ് പുതിയ നീക്കം. നിയമം ഫെബ്രുവരി 20 മുതൽ പ്രാബല്ല്യത്തിൽ വരും. നിർമിത ബുദ്ധി (എ.ഐ) വഴി നിർമിച്ച വ്യാജ വാർത്തകളും, അശ്ലീല ഉള്ളടക്കങ്ങളും തടയുന്നതിനും നടപടികൾ സ്വീകരിച്ചു.
ഉള്ളടക്കത്തിനെതിരെ സർക്കാറിൽ നിന്നോ, കോടതിയിൽ നിന്നോ നിർദേശം ലഭിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്ത് തുടർ നടപടി സ്വീകരിക്കണമെന്ന് ഭേദഗതി ചെയ്ത നിയമം പറയുന്നു. ഇത് പാലിച്ചില്ലെങ്കിൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമും പ്രതിയാകും.
ഇതോടെ, ഒരു ഉപയോക്താവിന്റെ അശ്ലീല, നിയമവിരുദ്ധ പോസ്റ്റ് വഴി ആ സാമൂഹിക മാധ്യമവും കോടതി കയറേണ്ടി വരും.
അശ്ശീലം, ആൾ മാറാട്ടം, കുട്ടികൾക്കെതിരായ ഉള്ളടക്കം, വ്യാജ വാർത്ത തുടങ്ങി എട്ടു തരം കാരണങ്ങൾ ചൂണ്ടികാട്ടിയുള്ള വ്യക്തികളുടെ പരാതികളിൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ നടപടിയെടുക്കാനുള്ള സമയപരിധിയും കുറച്ചു. ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ കമ്പനികളുടെ പരാതി പരിഹാര ഓഫീസർക്ക് പരാതി നൽകിയാൽ 24 മണിക്കൂറിനകം, ഇതുസംബന്ധിച്ച് നടപടി സ്വീകരിച്ചെന്ന് മറുപടി നൽകണം. നടപടിയില്ലെങ്കിലോ, തൃപ്തികരമല്ലെങ്കിലോ വ്യക്തിക്ക് സർക്കാറിന്റെ ഗ്രീവൻസ് അപ്‍ലറ്റ് കമ്മിറ്റിയെ സമീപിക്കാവുന്നതാണ്.
എ.ഐ ഉപയോഗിച്ച് നിർമിച്ച വിഡിയോകളും ചിത്രങ്ങളും ഏതാണെന്ന് വ്യക്തമായി രേഖപ്പെടുത്തണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു. അത് യഥാർത്ഥമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാതിരിക്കാനാണിത്. ഇത്തരം ചിത്രങ്ങളിൽ എ.ഐ ലാബൽ പതിപ്പിക്കണമെന്നാണ് നിർദേശം. നഗ്നതയോ അശ്ലീലമോ അടങ്ങിയ എ.ഐ ചിത്രങ്ങളോ വീഡിയോകളോ ശ്രദ്ധയിൽപ്പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ പ്ലാറ്റ്‌ഫോമുകൾ അത് നീക്കം ചെയ്യണം.
എ.ഐ ഉള്ളടക്കങ്ങൾക്കൊപ്പം അത് എപ്പോൾ, എങ്ങനെ നിർമിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ (മെറ്റഡേറ്റ) സ്ഥിരമായി ഉൾപ്പെടുത്തണം. ഇത് നീക്കം ചെയ്യാൻ പാടില്ല. ഒരാളുടെ രൂപമോ ശബ്ദമോ വ്യാജമായി നിർമിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഡീപ്പ് ഫെയ്ക്ക് തടയാൻ കർശന നടപടി ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

