ഓഫീസിലിരുന്ന് കരഞ്ഞിട്ടുണ്ട്, രണ്ടു തവണ ആശുപത്രിയിലായി -ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്ത അനുഭവം പറഞ്ഞ് കുറിപ്പ്
text_fieldsന്യൂഡൽഹി: ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ&ടി മേധാവിയുടെ അഭിപ്രായത്തെച്ചൊല്ലി ഏതാനും ദിവസങ്ങളായി വിമർശനങ്ങൾ കനക്കവെ, ആഴ്ചയിൽ 100 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്ന അനുഭവം പറഞ്ഞ് എഡെൽവെയ്സ് സി.ഇ.ഒ രാധിക ഗുപ്ത. ‘ചോയ്സ്, കഠിനാധ്വാനം, സന്തോഷം’ എന്ന തലക്കെട്ടിൽ എക്സിൽ എഴുതിയെ കുറിപ്പിലാണ് തന്‍റെ അനുഭവങ്ങളും അത് ജീവിതത്തിലുണ്ടാക്കിയ പ്രശ്നങ്ങളും രാധിക പറയുന്നത്.
ഓഫീസിലെ വാഷ്റൂമിൽ പോയി കരഞ്ഞിട്ടുണ്ടെന്നും ആ കാലയളവിൽ രണ്ട് തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്നും രാധിക ഓർത്തെടുക്കുന്നു.
ആഴ്ചയിൽ ഒരു ദിവസം മാത്രം അവധിയെടുത്ത് 18 മണിക്കൂർ ജോലി ചെയ്തിരുന്ന കാലഘട്ടം ഓർത്തെടുത്ത് കൂടുതൽ സമയം ജോലി ചെയ്യുന്നത് കൂടുതൽ ഉൽപ്പാദനക്ഷമതയ്ക്ക് കാരണമാകുമെന്ന വാദത്തെ രാധിക വെല്ലുവിളിക്കുന്നു. സ്ഥാപനങ്ങൾ ജീവനക്കാരെ അമിത ജോലിക്ക് നിർബന്ധിക്കുന്നതിനുപകരം അവരെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. പല വികസിത രാജ്യങ്ങളിലും 8 മുതൽ 4 വരെയാണ് ജോലി. ആ മണിക്കൂറുകൾ ഉൽപ്പാദനക്ഷമമാണെന്ന് ഉറപ്പാക്കണം. കൃത്യസമയത്ത് ഓഫീസിലെത്തുകയും ഏറ്റവും മികച്ച പ്രകടനം നൽകുകയുമാണ് വേണ്ടെതന്നും അവർ പറയുന്നു.
ലാർസൻ ആൻഡ് ടോബ്രോ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ ദിവസങ്ങൾക്ക് മുമ്പ് നടത്തിയ അഭിപ്രായപ്രകടനമാണ് വിവാദത്തിലായത്. ആഴ്ചയിൽ 90 മണിക്കൂർ സമയം ജോലി ചെയ്യണം. ആവശ്യമെങ്കിൽ ഞായറാഴ്ച അവധിയും ഒഴിവാക്കി ജീവനക്കാർ ജോലിക്കെത്തണം. ഞായറാഴ്ചകളിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷിക്കും. ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? എത്രനേരം ഭാര്യയേയും നോക്കിനിൽക്കാനാകും? ഓഫിസിൽ വന്ന് ജോലി തുടങ്ങൂ... -എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്. ഇതിനെതിരെ കോർപറേറ്റ്, സിനിമാ മേഖലയിൽനിന്നടക്കം കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

