5436 ബാങ്ക് അക്കൗണ്ടുകൾ, ഹോങ്കോങ്ങ് ബന്ധം; 10.74 കോടി രൂപയുടെ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ
text_fieldsപുണെ: 10.74 കോടി രൂപ തട്ടിയെടുത്ത ‘ഡിജിറ്റൽ അറസ്റ്റ്’ കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. സോഷ്യൽ മീഡിയയിലെ റീൽ താരമായ രോഹൻ ജാദവിനെയാണ് പുണെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിന്റെ പണം 5436 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഹോങ്കോങ്ങിലെ ചിലരുമായി ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തിയതായും പൊലീസ് പറയുന്നു.
ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പ് സംഘം പരാതിക്കാരനായ വയോധികനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഒരു കേസിൽ ഇയാൾ പ്രതിയാണെന്നും നിയമ നടപടി ഒഴിവാക്കാൻ പണം നൽകണമെന്നും സംഘം ഭീഷണിപ്പെടുത്തി. ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യുമെന്ന് ഭയപ്പെടുത്തിയതോടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10.74 കോടി രൂപ കൈമാറുകയായിരുന്നു. പിന്നീട് തട്ടിപ്പിനിരയായതായി മനസ്സിലായതോടെ പൊലീസിൽ പരാതി നൽകി.
പുണെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹർഷദ് സുഭാഷ് ധന്തോലെ, സമർഥ് സുരേഷ് ദേശ്മുഖ്, അമർ ശിവാജി അത്താർഗി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഒരാൾ എ.ടി.എമ്മിൽ നിന്ന് തട്ടിപ്പുപണം പിൻവലിച്ചതോടെയാണ് പൊലീസ് പണമിടപാടുകളുടെ ഉറവിടത്തിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിൽ പിൻവലിച്ച പണം രോഹൻ ജാദവിന് കൈമാറിയതായി വിവരം ലഭിച്ചതോടെയാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.
ചത്രപതി സംഭാജിനഗർ സ്വദേശിയായ രോഹൻ ജാദവ് സോഷ്യൽ മീഡിയ റീൽ താരമാണ്. പുണെയിൽ സെലിബ്രിറ്റി മാനേജ്മെന്റ് മേഖലയിലും ഇയാൾ പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. തട്ടിപ്പിലൂടെ ലഭിച്ച 10.74 കോടി രൂപ വിവിധ ഘട്ടങ്ങളിലായി 5436 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ രോഹൻ ജാദവ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
ടെലഗ്രാം വഴി ഹോങ്കോങ്ങിലുള്ള ചിലരുമായി രോഹൻ ജാദവിന് ബന്ധമുണ്ടായിരുന്നുവെന്നും വീഡിയോ കോളുകളിലൂടെ നിരന്തരം ആശയവിനിമയം നടത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഡിജിറ്റൽ കറൻസി ഇടപാടുകളിലൂടെ ഇന്ത്യയിൽനിന്ന് പണം വിദേശത്തേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി രോഹൻ ജാദവിന് കമീഷൻ ലഭിച്ചിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. രോഹൻ ജാദവിനെതിരെ പുണെയിലും പിംപ്രി ചിഞ്ച്‌വഡിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ സൈബർ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

