ബി.ജെ.പിയുടെ 'പോയിന്‍റ്-ബ്ലാങ്ക് ഷോട്ട്' വിഡിയോ; സോഷ്യൽ മീഡിയ സഹ-കൺവീനറെ പുറത്താക്കി
text_fieldsഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിവാദ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തയാളെ പുറത്താക്കി ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ടീം. സോഷ്യൽ മീഡിയ സഹ-കൺവീനർ റോൺ വികാസ് ഗൗരവിനെയാണ് പുറത്താക്കിയത്. വിഡിയോയിൽ ഹിമന്ത ബിശ്വ ശർമ റൈഫിൾ ഉപയോഗിച്ച് രണ്ടു പേർക്ക് നേരെ ഉന്നംപിടിക്കുകയും വെടിയുതിർക്കുകയും ചെയ്യുന്നതായി കാണിച്ചിരുന്നു. അതിൽ ഒരാൾ തലയിൽ തൊപ്പി ധരിച്ചും മറ്റൊരാൾ താടി വെച്ചുമായിരുന്നു. പോയിന്റ്-ബ്ലാങ്ക് ഷോട്ട് എന്ന അടിക്കുറിപ്പോടെയാണ് എ.ഐ വിഡിയോ പങ്കുവെച്ചത്.
ഫെബ്രുവരി ഏഴിനാണ് സംസ്ഥാന ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വിഡിയോ അപ്‌ലോഡ് ചെയ്തത്. വിവാദമായതോടെ, പിന്നീട് വിഡിയോ നീക്കം ചെയ്തു. ശരിയായ പരിശോധന കൂടാതെയാണ് വിഡിയോ അപ്‌ലോഡ് ചെയ്തത്. ബന്ധപ്പെട്ട വ്യക്തിയെ സോഷ്യൽ മീഡിയ ടീമിന്റെ സഹ-കൺവീനർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് ഒരു മുതിർന്ന നേതാവ് പി.ടി.ഐയോട് പറഞ്ഞു.
'ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റുകൾ സൃഷ്ടിക്കാനും അപ്‌ലോഡ് ചെയ്യാനും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അവകാശമുള്ളൂ. സെൻസിറ്റീവ് വിഷയങ്ങൾക്ക്, സോഷ്യൽ മീഡിയ ഇൻ-ചാർജിൽ നിന്നോ പാർട്ടി പ്രസിഡന്റിൽ നിന്നോ മുഖ്യമന്ത്രി ഉൾപ്പെടുന്നതാണെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നോ അനുമതി ആവശ്യമാണ്' - എന്ന് മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

