സാമൂഹിക പ്രവർത്തക ബിരുബല രാഭ അന്തരിച്ചു
text_fieldsഗുവാഹതി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പടപൊരുതിയ അസമിലെ സാമൂഹിക പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ ബിരുബല രാഭ (75) അന്തരിച്ചു. ഗുവാഹതി മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
അസമിൽ ദുർമന്ത്രവാദ നിരോധന നിയമം നടപ്പാക്കുന്നതിൽ ബിരുബല മുഖ്യ പങ്കുവഹിച്ചു. അന്ധവിശ്വാസങ്ങൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ പോരാടാൻ 2012ൽ അവർ ‘മിഷൻ ബിരുബല’ എന്ന സന്നദ്ധ സംഘടനക്ക് രൂപംനൽകി. 2021ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
2005ൽ സ്വിറ്റ്സർലൻഡിലെ ദി സ്വിസ് പീസ് എന്ന സംഘടന സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ബിരുബലയെ നാമനിർദേശം ചെയ്തിരുന്നു. ഗുവാഹതി സർവകലാശാലയിൽനിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മൂന്ന് മക്കളുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ ബിരുബലയുടെ നിര്യാണത്തിൽ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

