Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right15 ലക്ഷം​, എ.ടി.എം,...

15 ലക്ഷം​, എ.ടി.എം, കുത്തിവെപ്പ്.. എല്ലാത്തിനും ഇന്ത്യ കാത്തിരുന്നു; ഇടക്ക്​ താങ്കളും കാത്തിരിക്ക്​ -മോദിയോട്​ മഹുവ മൊയ്​ത്ര

text_fields
bookmark_border
15 ലക്ഷം​, എ.ടി.എം, കുത്തിവെപ്പ്.. എല്ലാത്തിനും ഇന്ത്യ കാത്തിരുന്നു; ഇടക്ക്​ താങ്കളും കാത്തിരിക്ക്​ -മോദിയോട്​ മഹുവ മൊയ്​ത്ര
cancel

കൊൽക്കത്ത: പ്രധാനമന്ത്രി നരേ​ന്ദ്രമോദിയെ 30 മിനിറ്റ്​ കാത്തുനിൽപിച്ച്​ ഇളിഭ്യനാക്കിയ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. അതിനിടെ, പ്രധാനമന്ത്രിയുടെ വിലപ്പെട്ട സമയം ഇങ്ങനെ കളഞ്ഞുകുളിച്ചതിനെ ചൊല്ലി മമതയെ വിമർശിക്കുന്നവരും കുറവല്ല.

എന്നാൽ, ഇന്ത്യക്കാരെ പലകുറി പലകാര്യങ്ങൾക്കായി കാത്തുനിൽപിച്ച പ്രധാനമ​ന്ത്രി, വെറും 30 മിനിറ്റ് കാത്തിരിപ്പിനെച്ചൊല്ലി ഇത്രയധികം കലഹിക്കേണ്ടതു​ണ്ടോ എന്ന ചോദ്യവുമായി രംഗത്തുവന്നിരിക്കുകയാണ്​ തൃണമൂൽ കോൺഗ്രസിന്‍റെ തീ​പ്പൊരി നേതാവ്​ മഹുവ മെയ്​ത്ര എം.പി. ട്വീറ്റിൽ മോദിയെ കണക്കിന്​ കളിയാക്കുകയും ചെയ്യുന്നുണ്ട്​.

മോദി നൽകാമെന്ന്​ പറഞ്ഞ 15 ലക്ഷം രൂപക്ക്​ വേണ്ടി ഇന്ത്യക്കാർ 7 വർഷമായി കാത്തിരിക്കുന്നു, എ.ടി‌.എം ക്യൂവിൽ‌ മണിക്കൂറുകൾ‌ കാത്തിരിക്കുന്നു, കോവിഡ്​ പ്രതിരോധ കുത്തിവയ്പ്പുകൾക്കായി മാസങ്ങൾ കാത്തിരിക്കുന്നു.... അതിനിടയിൽ ഈ 30 മിനിറ്റിനെ ചൊല്ലി ഒച്ചപ്പാടുണ്ടാക്കണോ എന്നാണ്​ മഹുവ ട്വീറ്റിലൂടെ ചോദിക്കുന്നത്​. ഇടക്കിടക്ക്​ താങ്കളും ഇങ്ങനെ കുറച്ച്​ കാത്തിരിക്കൂ എന്ന്​ പ്രധാനമന്ത്രിയെ ഉപദേശിക്കാനും മഹുവ മറന്നില്ല.


യാസ്​ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു ഇന്നലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്​. യോഗത്തിൽ പ​​ങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രി മമത ബാനർജി നിശ്​ചിത സമയം കഴിഞ്ഞ്​ അരമണിക്കൂർ പിന്നിട്ടാണ്​ അവിടെ എത്തിയത്​. അതുവരെ മോദിയും കൂട്ടരും യോഗസ്​ഥലത്ത്​ മമതയെ കാത്തിരുന്നു. എന്നാൽ, വൈകിയെത്തിയ മമത യോഗത്തിൽ പ​ങ്കെടുക്കാതെ നാശനഷ്​ടങ്ങളുടെ റിപ്പോർട്ട്​ പ്രധാനമന്ത്രിക്ക്​ സമർപ്പിച്ച്​ മറ്റൊരുയോഗത്തിൽ പ​ങ്കെടുക്കാനായി അവിടെ നിന്ന്​ മടങ്ങുകയും ചെയ്​തു. ദുരിതാശ്വാസമായി 20,000 കോടി ആവശ്യ​പ്പെട്ടുള്ള റിപ്പോർട്ടാണ്​ അവർ മോദിക്ക്​ കൈമാറിയത്​.

പ്രധാനമന്ത്രി യോഗം വിളിച്ചെങ്കിലും മുഖ്യമന്ത്രിയു​െട ഓഫിസിനെ അറിയിച്ചിരുന്നില്ലെന്ന്​ മമത പിന്നീട്​ പറഞ്ഞു. 'എനിക്ക്​ ദിഘയിൽ ഒരു യോഗത്തിൽ പ​ങ്കെടുക്കേണ്ടതുണ്ട്​. അതിനാൽ, കലൈകുന്ദയിൽ പോയി 20,000 കോടി രൂപ ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നൽകി. സംസ്​ഥാനത്തെ ഉദ്യോഗസ്​ഥർ ദിഘയിലെ യോഗത്തിൽ പ​ങ്കെടുക്കാനായി കാത്തിരിക്കുകയാണ്​. പ്രധാനമന്ത്രിയുടെ അനുമതി വാങ്ങി അവിടേക്ക്​​ പോവുകയായിരുന്നു' -മമത പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി പങ്കടുത്ത യോഗത്തിൽ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവർ സന്നിഹിതരായിരുന്നു. സുവേന്ദുവിനെ വിളിച്ചതിലുള്ള അനിഷ്​ടം കാരണമാണ്​ മമത പ​ങ്കെുടക്കാതിരുന്നതെന്നും സുചനയുണ്ട്​. മമത ഭരണഘടനയെയും നിയമവാഴ്ചയെയും ലംഘിക്കുകയാണെന്ന്​ ഗവർണർ യോഗത്തിനുശേഷം കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന്​ ശേഷം ആദ്യമായിട്ടാണ്​ മമത ബാനർജിയും മോദിയും കണ്ടുമുട്ടുന്നത്​. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ ജനുവരി 23നാണ് അവർ അവസാനമായി മുഖാമുഖം കണ്ടത്. അന്ന് ബി.ജെ.പി പ്രവർത്തകരുടെ 'ജയ് ശ്രീ റാം' വിളികളെ തുടർന്ന്​ പ്രസംഗം തടസ്സപ്പെടുകയും അതിൽ പ്രകോപിതയായ മമത പരിപാടിയിൽനിന്ന്​ ഇറങ്ങിപ്പോവുകയും ചെയ്​തിരുന്നു.

ബംഗാളിൽ ഒരു കോടി ആളുകളെയാണ്​ 'യാസ്​' ചുഴലിക്കാറ്റ്​ ബാധിച്ചത്​. മൂന്നു ലക്ഷം വീടുകൾക്കെങ്കിലും കേടു പറ്റിയിട്ടുണ്ടെന്നും കൊടുങ്കാറ്റ്​ ഏറ്റവും അധികം ബാധിച്ച സംസ്​ഥാനമായി ബംഗാൾ മാറിയെന്നും മമത പറഞ്ഞിരുന്നു.

Show Full Article
TAGS:Mahua Moitra narendra modi mamata banerjee 
News Summary - So much fuss over an alleged 30 min wait? -mahua moitra
Next Story