സ്റ്റേഷൻ ഏതാണെന്ന് ചോദിച്ചു, പിന്നാലെ ആഭരണങ്ങൾ അടങ്ങിയ പഴ്സ് തട്ടിപ്പറിച്ച് ഓടി; പരാതിയുമായി മലയാളി ട്രെയിൻ യാത്രക്കാരി
text_fieldsമുംബൈ: ട്രെയിൻ യാത്രക്കിടെ മലയാളി യാത്രക്കാരിയുടെ കൈയിൽ നിന്നു സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് തട്ടിപ്പറിച്ചതായി പരാതി. ശ്രുതി പണിക്കരാണ് കൊങ്കൺ റെയിൽവേക്ക് പരാതി നൽകിയത്.
തിങ്കളാഴ്ച പുലർച്ചെ 5.15ന് ഗോവയിലെ മജോർദ ജങ്ഷനിൽ വെച്ചാണ് സംഭവം. നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ എസ് എട്ട് കോച്ചിൽ 78ാം നമ്പർ സീറ്റിൽ കായംകുളത്തുനിന്നു മഹാരാഷ്ട്രയിലെ താനെയിലേക്കുള്ള യാത്രയിലായിരുന്നു പരാതിക്കാരി. സ്റ്റേഷൻ ഏതാണ് എന്ന് തിരക്കിയ പ്രതി, വണ്ടി നീങ്ങിതുടങ്ങിയതോടെ തന്റെ പഴ്സ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പഴ്സിൽ 13 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും മൊബൈലും ഉള്ളതായി പറയുന്നു. സഹയാത്രക്കാരിൽ നിന്നും സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര എ.ഐ.കെ.എം.സി.സി ആവശ്യപ്പെട്ടു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംഭവത്തിൽ അന്വേഷണം നടത്തി നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

