പിടികൂടിയ മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റിയ പാമ്പുസ്നേഹി കടിയേറ്റ് മരിച്ചു
text_fieldsdeepak
ഭോപ്പാൽ: പിടികൂടിയ മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റിയ പാമ്പുസ്നേഹി കടിയേറ്റ് മരിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ വർഷങ്ങളായി പാമ്പുകളെ പിടികൂടി സുരക്ഷിതമായ സ്ഥാനങ്ങളിൽ കൊണ്ടുവിടുന്ന പാമ്പുപിടിത്തക്കാരനായ ദീപക് മഹാവർ ആണ് മരിച്ചത്. ജില്ലയിലെ മിക്ക ഭാഗങ്ങളിലുമുള്ള വീടുകൾ, ഫാമുകൾ, സ്കൂളുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പാമ്പുകളെ പടികൂടുന്നയാളാണ് ദീപക്.
കഴിഞ്ഞദിവസം കൊടും വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയപ്പോഴാണ് പെട്ടെന്നുള്ള തന്റെ കടുത്ത തീരുമാനം ദീപക് എടുക്കുന്നത്. പാമ്പിന്റെ കടിയേറ്റ ഈ 35കാരൻ മണിക്കൂറുകൾക്കകം മരിക്കുകയും ചെയ്തു.
ഒരു കോളജിലെ പാർട്ട്ടൈം ജീവനക്കാരനായ ദീപക് പാമ്പുകളോടുള്ള താൽപര്യംകൊണ്ടാണ് ഇതിലേക്കിറങ്ങിയത്. കോളജിൽ നിന്ന് ഫോൺകോൾ വന്നാണ് ബർബത്പുര എന്ന ഗ്രാമത്തിലേക്ക് പോയത്. അവിടെ നിന്ന് പാമ്പിനെ പിടികൂടിയ ശേഷം അതിനെ ഒരു ഗ്ലാസ് ജാറിലാക്കി. പക്ഷേ പാമ്പിനെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച് തുറന്നുവിടുന്നതിന് മുമ്പുതന്നെ മകന്റെ സ്കൂളിൽ നിന്ന് കോൾ വന്നു.
പെട്ടെന്ന് പാമ്പിനെ പുറത്തെടുത്ത് കഴുത്തിൽ ചുറ്റി ബൈക്കിൽ കയറി ഓടിച്ചുപോവുകയായിരുന്നു. ബൈക്ക് ഓടിക്കുമ്പോഴായിരുന്നു പാമ്പ് കടിച്ചത്. കൈയ്യിലാണ് കടിയേറ്റത്. ഉടൻ ഒരു സുഹൃത്തിനെ വിവരം അറിയിക്കുകയും അയാൾ എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവിടെ നിന്ന് ഗുണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും അവിടെ ചികിത്സക്ക് ശേഷം മരിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

