Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്മാർട്ട് സിറ്റി മിഷൻ...

സ്മാർട്ട് സിറ്റി മിഷൻ ഫണ്ട് സെപ്റ്റംബറോടെ തീരും; പ്രതിസന്ധിയിലായി രാജ്യത്തെ കമാൻഡ് സെന്ററുകൾ

text_fields
bookmark_border
india
cancel

കേന്ദ്ര ധനസഹായം പൂർണമായും നിലച്ചതോടെ രാജ്യത്തെ സ്മാർട്ട് സിറ്റികളുടെ ഡിജിറ്റൽ നട്ടെല്ലായ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. 10 വർഷം നീണ്ടുനിന്ന സ്മാർട്ട് സിറ്റി മിഷൻ പദ്ധതി 2025 മാർച്ചിൽ ഔദ്യോഗികമായി അവസാനിച്ചിരുന്നു. കേന്ദ്ര ഫണ്ട് നിർത്തലാക്കി 16 മാസം പിന്നിടുമ്പോൾ പല നഗരങ്ങളിലും ഈ ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രവർത്തനം താളംതെറ്റിയ അവസ്ഥയിലാണ്. വരും സെപ്റ്റംബറോടെ ബാക്കിയുള്ള ഫണ്ടുകൾ കൂടി പൂർണമായും തീരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

കോവിഡ് മഹാമാരിയുടെ സമയത്ത് തത്സമയ വിവരശേഖരണത്തിനും വാക്സിനേഷൻ ഏകോപനത്തിനുമായി നഗരങ്ങളുടെ ജീവനാഡിയായി പ്രവർത്തിച്ച ജബൽപൂർ, ഷിവമോഗ തുടങ്ങിയ നഗരങ്ങളിലെ കമാൻഡ് സെന്ററുകൾ ഇന്ന് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. ജബൽപൂരിൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ഫണ്ടില്ലാത്തതിനാൽ ഒരു വർഷത്തിലേറെയായി അടച്ചുപൂട്ടിയിരിക്കുകയാണ്. സാങ്കേതിക ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നതും സെർവറുകളുടെയും കാമറകളുടെയും അറ്റകുറ്റപ്പണികൾക്കുള്ള കരാർ പുതുക്കാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കർണാടകയിലെ ഷിവമോഗയിലാകട്ടെ സ്മാർട്ട് വാട്ടർ മീറ്ററുകളും മാലിന്യ നിർമ്മാർജ്ജനവും ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നിശ്ചലമായി. ഇപ്പോൾ ട്രാഫിക് നിയന്ത്രണം മാത്രമാണ് കഷ്ടിച്ച് നടക്കുന്നത്.

കമാൻഡ് സെന്ററുകൾ കേടുപാടുകൾ കൂടാതെ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് ചെലവ് വരുന്നത്. ഉദാഹരണത്തിന് ഡെറാഡൂണിൽ ഈ സംവിധാനം പരിപാലിക്കാൻ മാത്രം വർഷത്തിൽ 16 മുതൽ 17 കോടി രൂപ വരെ ആവശ്യമാണ്. ട്രാഫിക് കാമറകൾ വഴി കോടിക്കണക്കിന് രൂപയുടെ പിഴ ഈടാക്കുന്നുണ്ടെങ്കിലും ഈ വരുമാനം അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്ന ഏജൻസികൾക്ക് കൃത്യമായി പങ്കിട്ടു നൽകുന്നില്ല. സോഫ്റ്റ്‌വെയർ ലൈസൻസുകൾ പുതുക്കാത്തതും സാങ്കേതിക വിദഗ്ദ്ധരുടെ കുറവും പലയിടത്തും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

അതേസമയം, രാജ്കോട്ട്, വഡോദര, ഭോപ്പാൽ, ചെന്നൈ തുടങ്ങിയ നഗരങ്ങൾ സ്വന്തം നിലയിൽ തനത് ഫണ്ട് കണ്ടെത്തി ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. ചെന്നൈയിൽ ഈ സംവിധാനത്തെ കോർപ്പറേഷൻ ഭരണസംവിധാനത്തിന്റെ ഭാഗമാക്കി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി പൂർണമായും മാറ്റിയെടുത്തു. ഭോപ്പാലിൽ തങ്ങളുടെ പക്കലുള്ള ഭൂമി പാട്ടത്തിന് നൽകിയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. ഈ സാഹചര്യത്തിൽ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുക എന്നതിനേക്കാൾ അത് എങ്ങനെ ഭാവിയിൽ ജീവനോടെ നിലനിർത്താം എന്നതാണ് ഇപ്പോൾ ഇന്ത്യൻ നഗരങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infrastructureIndiasmart city projecturban developmenttraffic management
News Summary - Smart City Mission funds likely to run out
Next Story