മോദിക്കെതിരെ ജെ.എൻ.യുവിൽ മുദ്രാവാക്യം; നടപടിയുമായി അധികൃതർ വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകി സർവകലാശാല
text_fieldsന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ നടന്ന ആക്രമണത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ചതിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ബി.ജെ.പിയും എ.ബി.വി.പിയും. പിന്നാലെ, വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെ.എൻ.യു സുരക്ഷ വിഭാഗം ഡൽഹി പൊലീസിന് പരാതി നൽകി.
മുൻ ജെ.എൻ.യു വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും സുപ്രീംകോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് മുദ്രാവാക്യം മുഴങ്ങിയതെന്നും പ്രതിഷേധത്തിൽ ശവപ്പെട്ടികളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും പേരുകൾ പരാർശിച്ചെന്നും ഇതൊരു മുന്നറിയിപ്പിന്റെ സന്ദേശമാണെന്നും എ.ബി.വി.പി നേതാക്കൾ ആരോപിച്ചു. മുദ്രാവാക്യത്തിന് പിന്നിൽ ഇൻഡ്യ സഖ്യമാണെന്ന് മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.
2020 ജനുവരി അഞ്ചിന് മുഖംമൂടി ധരിച്ചെത്തിയ എ.ബി.വി.പിക്കരെന്ന് ആരോപിക്കപ്പെടുന്ന സംഘം ജെ.എൻ.യു കാമ്പസിൽ വിദ്യാർഥികളെയും അധ്യാപകരേയും ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും ഈ അനീതിക്കെതിരെ എല്ലാവർഷവും ജനുവരി അഞ്ചിന് നടക്കുന്ന പ്രതിഷേധമാണ് തിങ്കളാഴ്ചയും കാമ്പസിൽ ഉണ്ടായതെന്നാണ് ജെ.എൻ.യു വിദ്യാർഥി യൂനിയൻ പറയുന്നത്.
പ്രതിഷേധത്തിനെതിരെ ബി.ജെ.പി നേതാക്കളും എ.ബി.വി.പിയും രംഗത്ത് വന്നതിന് പിന്നാലെയാണ് ജെ.എൻ.യു അധികൃതർ പൊലീസിൽ പരാതി നൽകിയത്.
ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതോടെ പ്രതിഷേധത്തിന്റെ സ്വഭാവവും സ്വരവും മാറി. ചില വിദ്യാർഥികൾ അങ്ങേയറ്റം അധിക്ഷേപകരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്ന് പരാതിയിലുണ്ട്. ഇതു കോടതിയലക്ഷ്യമാണ്. ഇത്തരം മുദ്രാവാക്യങ്ങൾ ജെ.എൻ.യുവിന്റെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതും കാമ്പസ് ഐക്യം, സർവകലാശാല സുരക്ഷ എന്നിവ ഗുരുതരമായി തടസ്സപ്പെടുത്താൻ സാധ്യതയുള്ളതുമാണെന്നും വിദ്യാർഥി യൂനിയൻ ഭാരവാഹികൾ ഉൾപ്പടെ 35 ആളുകളുടെ പേര് പരാമർശിച്ചുള്ള പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

