ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി; എ.ക്യു.ഐ 269 ആയി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഇന്ന് വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 'വളരെ മോശം' എന്നതിൽ നിന്ന് 'മോശം' വിഭാഗത്തിലേക്ക് മാറി. ശനിയാഴ്ച വൈകീട്ട് എ.ക്യു.ഐ 305 ആയിരുന്നു. ഇന്ന് രാവിലെ 269 ആയി കുറഞ്ഞു. എന്നാൽ ഡൽഹിയിലെ ചില പ്രദേശങ്ങളിൽ എ.ക്യു.ഐ വളരെ മോശം വിഭാഗത്തിലാണ്.
ഷാദിപൂര് (335), ജഹാംഗീർപുരി (324), നെഹ്‌റു നഗർ (319), ആർകെ പുരം (307) തുടങ്ങിയ ഇടങ്ങളിലും ‘വളരെ മോശം’ വായു ഗുണനിലവാരമാണ് രേഖപ്പെടുത്തിയത്. ബവാന (295), സിരിഫോർട്ട് (293), രോഹിണി (291), വിവേക് വിഹാർ (289), ഡി.ടി.യു (285), ബുരാരി ക്രോസിങ് (283), വസീർപൂർ (281), ആനന്ദ് വിഹാർ (281), സോണിയ വിഹാർ (277), ജെ.എൽ.എൻ(269) തുടങ്ങിയ പ്രദേശങ്ങളിൽ എ.ക്യു.ഐ ‘മോശം’ വിഭാഗത്തിൽ തുടരുകയാണ്. എന്നാൽ മന്ദിർ മാർഗിൽ പ്രധാന സ്റ്റേഷനുകളിൽ ഏറ്റവും കുറഞ്ഞ എ.ക്യു.ഐ 158 ആണ് രേഖപ്പെടുത്തിയത്.
മലിനീകരണം രൂക്ഷമായതിനാൽ, 2026 ജനുവരിയോടെ ഡൽഹിയിൽ ആറു പുതിയ എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ജെ.എൻ.യു, ഇഗ്‌നു, മൽഛ മഹൽ, ഡൽഹി കാന്റോൺമെന്റ്, കോമൺവെൽത്ത് സ്പോർട്സ് കോംപ്ലക്സ്, എൻ.എസ്.യു.ടി വെസ്റ്റ് കാമ്പസ് എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങുന്നത്.
അതേസമയം, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും തണുപ്പ് നവംബറിൽ ഡൽഹി രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി കുറഞ്ഞ താപനില 11.5°C ആയി കുറഞ്ഞു. 2024-ൽ 14.7°C ആയിരുന്നു ശരാശരി കുറഞ്ഞ താപനില. 2023-ൽ 12°C, 2022-ൽ 12.3°C, 2021-ൽ 11.9°C എന്നിങ്ങനെയായിരുന്നു. പകൽസമയത്തെ താപനിലയും കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്, ഈ നവംബറിലെ ശരാശരി പരമാവധി താപനില 27.7°C ആയി. കഴിഞ്ഞ വർഷം ഇത് 29.4°C ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

