ഗൊഗോയിക്കെതിരെ അപവാദം: കോൺഗ്രസ് നിയമനടപടിക്ക്
text_fieldsന്യൂഡൽഹി: ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയിക്കെതിരെ ബി.ജെ.പിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ക്രൂരവും അപകീർത്തികരവുമായ പ്രചാരണവും വ്യക്തിഹത്യയും നടത്തിയതായി കോൺഗ്രസ്.
ജോർഹട്ട് ലോക്സഭാ സീറ്റിൽ ഗൊഗോയ് വിജയിക്കുകയും അസം മുഖ്യമന്ത്രിയുടെ അഴിമതിതുറന്നുകാട്ടുകയും ചെയ്യുന്നതിനാലാണ് ഇതെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ‘എക്സി’ലെ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസം മുഖ്യമന്ത്രി ന്യൂഡൽഹിയിലെ തന്റെ പരമോന്നത നേതാവിനെപ്പോലെ അപകീർത്തിപ്പെടുത്തൽ, വളച്ചൊടിക്കൽ, വഴിതിരിച്ചുവിടൽ എന്നിവയിൽ അഗ്രഗണ്യനാണ്. ഒരു വർഷത്തിനകം അസം ജനത അദ്ദേഹത്തെ മുൻ മുഖ്യമന്ത്രിയാക്കുമെന്ന് ജയറാം രമേശ് കൂട്ടിച്ചേർത്തു.
ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്ത് കോൾബേൺ പാക് ചാരവനിതയാണെന്ന ആരോപണമാണ് ബി.ജെ.പി ഉയർത്തിയത്. എലിസബത്ത് കോൾബേണിന്റെ പാക് ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാനും പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കാനും സാധ്യതയുണ്ടെന്ന് ശർമ ശനിയാഴ്ച പറഞ്ഞിരുന്നു.
ഗൊഗോയിയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ് ഭരണത്തിലിരിക്കുമ്പോൾ പാക് ചാരസംഘടനയായ ഐ.എസ്.ഐ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നെന്ന ആശങ്ക സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് ശർമ അവകാശപ്പെട്ടത്. ബി.ജെ.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗൗരവ് ഗൊഗോയ് വ്യക്തമാക്കി. അസമീസ് ഭാഷയിൽ തന്റെ ഭാര്യയെ അഭിസംബോധന ചെയ്ത് കത്തെഴുതി ഫേസ്ബുക്കിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

