ആകാശത്തെ ആശങ്കയൊഴിയുന്നു; നിർണായക സോഫ്റ്റ്വെയർ അപ്ഡേറ്റ് വേഗത്തിൽ പൂർത്തിയാക്കുന്നതായി കമ്പനികൾ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: വിമാനങ്ങളിലെ ഫ്‌ളൈറ്റ് കണ്‍ട്രോളുകളിൽ അടിയന്തിര സോഫ്റ്റ്വെയർ അപ്ഡേറ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആശങ്കയൊഴിയുന്നു. ഭാഗമായി രാജ്യത്തുടനീളം ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 350ഓളം വിമാന സര്‍വീസുകള്‍ തടസ്സപ്പെടുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ ഭൂരിഭാഗം വിമാനങ്ങളിലും ഇതിനകം പിഴവ് പരിഹരിച്ചതായി എയർലൈൻ അധികൃതർ അറിയിച്ചു.
എയർബസ് എ320 വിഭാഗത്തിൽ പെട്ട വിമാനങ്ങളാണ് അടിയന്തിര സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്കായി നിലത്തിറക്കിയത്. സൗരജ്വാല മൂലമുണ്ടാകുന്ന തീവ്ര വികിരണങ്ങൾ വിമാനങ്ങളിലെ ഫ്ളൈറ്റ് കൺട്രോളുകൾക്ക് ആവശ്യമായ വിവരങ്ങളെ തടസപ്പെടുത്തുകയും അനിയന്ത്രിതമായി മുന്നോട്ടുപോകുന്നതിലേക്ക് വഴിവെക്കുകയും ചെയ്തേക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് സോഫ്റ്റ്വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത്. ആഗോളതലത്തില്‍, സര്‍വീസ് നടത്തുന്ന 6,000 എ320 വിമാനങ്ങള്‍ക്ക് നവീകരണം ആവശ്യമായി വന്നേക്കാമെന്ന് എയർബസ് വ്യക്തമാക്കി.
അതേസമയം, ആഭ്യന്തര വിമാനക്കമ്പനികളുടെ നാരോ-ബോഡി എ320 വിമാനങ്ങളില്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിന് പുറമെ, ചിലപ്പോൾ യന്ത്രഭാഗങ്ങളുടെ പുനഃക്രമീകരണം ആവശ്യമായി വന്നേക്കാമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. സോഫ്റ്റ്‌വെയര്‍ പതിപ്പ് ‘എൽ 104’ൽ പ്രവർത്തിപ്പിക്കുന്ന ELAC B ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടറുകളിൽ സാങ്കേതിക പിഴവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം നിർമാതാക്കളായ എയർബസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തിരമായ മുൻകരുതൽ നടപടികൾ ഉറപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ശനിയാഴ്ച കമ്പനികൾക്ക് നിർദേശം നൽകിയത്.
ഒക്ടോബർ 30ന് സോഫ്റ്റ്‌വെയര്‍ പതിപ്പ് ‘എൽ 104’ൽ പ്രവർത്തിച്ചിരുന്ന എ320 വിമാനം പൈലറ്റിന്റെ നിർദേശമില്ലാതെ തന്നെ പൊടുന്നനെ താഴ്ന്ന് പറന്നതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ യു.എസ് സർക്കാറിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എയർബസ് പിഴവ് കണ്ടെത്തി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 560ഓളം എ320 വിമാനങ്ങളുണ്ട്. ഇവയിൽ 350ഓളം വിമാനങ്ങളിൽ സോഫ്റ്റ്‌വെയര്‍ അപ്ഡേഷനോ യന്ത്രഭാഗങ്ങുടെ പുനക്രമീകരണമോ ആവശ്യമായി വന്നേക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. സാങ്കേതിക പിഴവ് കണ്ടെത്തിയ വിമാനങ്ങളില്‍ എലിവേറ്റർ, എയ്ലോറോൺ കമ്പ്യൂട്ടറിൽ (ELAC) ആവശ്യമായ മാറ്റങ്ങൾ വരുത്താൻ എയര്‍ബസ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടതായി യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) അറിയിച്ചു.
വിമാനങ്ങളിലെ ഫ്‌ലൈറ്റ് കണ്‍ട്രോളിൽ നിർണായക പങ്കാണ് ELAC വഹിക്കുന്നത്. പ്രശ്‌നം ബാധിച്ച വിമാനങ്ങള്‍ അടുത്ത സര്‍വീസ് നടത്തുന്നതിന് മുമ്പായി, തകരാറിലായ ELAC മാറ്റിവെക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ നിർദേശം.
തങ്ങളുടെ 200 വിമാനങ്ങളെ പിഴവ് ബാധിച്ചിട്ടുണ്ടെന്നും ഇവ പൂർണമായും അപ്ഡേറ്റ് ചെയ്തതായും ഇൻഡിഗോ വ്യക്തമാക്കി. ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ 113 വിമാനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. ഇതിൽ 90 ശതമാനത്തിലും അപ്ഡേറ്റ് പൂർത്തിയായതായി കമ്പനി എക്സിലെ പോസ്റ്റിൽ പറഞ്ഞു.
എയർബസ് നിർദേശങ്ങൾ കൃത്യമായി പിന്തുടരുന്നുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു. ‘എയര്‍ബസിന്റെ അറിയിപ്പ് അനുസരിച്ച് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. പിഴവ് ബാധിച്ച 200 വിമാനങ്ങളിൽ ഇതിനകം അപ്ഡേറ്റ് പൂർത്തിയായി. വിവിധ സംവിധാനങ്ങളുടെ ഏകോപിതമായ ശ്രമത്തിലൂടെയാണ് ഇത് യാഥാർഥ്യമായത്,’ -ഇൻഡിഗോ എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.
മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസും പ്രസ്താവനയില്‍ പറഞ്ഞു. ‘ഞങ്ങളുടെ ഭൂരിഭാഗം വിമാനങ്ങൾക്കും ഇത് ബാധകമല്ല, എങ്കിലും ഇത് ചില വിമാന സര്‍വീസുകളില്‍ മാറ്റങ്ങള്‍ക്കും കാലതാമസത്തിനും കാരണമായേക്കാം.’ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 31 എ320 വിമാനങ്ങളിലാണ് പരിഷ്കകരണം ആവശ്യമായി വരികയെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
‘പിഴവ് പരിഹരിക്കുന്നത് ഞങ്ങളുടെ വിമാനങ്ങളില്‍ സോഫ്റ്റ്‌വെയര്‍/ ഹാര്‍ഡ്‌വെയര്‍ പുനഃക്രമീകരണത്തിന് കാരണമാകും. ഇത് കൂടുതല്‍ സമയമെടുക്കുന്നതിനും ഞങ്ങളുടെ ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ വൈകുന്നതിനും ഇടയാക്കിയേക്കും. എല്ലാ വിമാനങ്ങളിലും ഈ പുനഃക്രമീകരണം പൂർത്തിയാവുന്നത് വരെ യാത്രക്കാര്‍ക്കുണ്ടാകുന്ന എല്ലാവിധ അസൗകര്യത്തിലും എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു.’ എയര്‍ ഇന്ത്യ എക്‌സില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

