നേത്രാവതിക്കരയിൽ വീണ്ടും മനുഷ്യാസ്ഥികൾ കണ്ടെത്തി; ഇത്തവണ കിട്ടിയത് 11-ാം പോയന്റിൽ
text_fieldsധർമസ്ഥലയിൽ ഖനനം നടക്കുന്നയിടത്ത് സീൽ ചെയ്ത ബക്കറ്റുകളുമായി എസ്.ഐ.ടി പുറത്തേക്ക് വരുന്നു.
മംഗളൂരു: ധർമസ്ഥലയിൽ പ്രത്യേകസംഘത്തിന്റെ (എസ്.ഐ.ടി) നേതൃത്വത്തിൽ നടക്കുന്ന മണ്ണുനീക്കിയുള്ള പരിശോധനയിൽ വീണ്ടും മനുഷ്യാസ്ഥികൾ കണ്ടെത്തി. ഒരു ദിവസത്തെ ഇടവേളക്കുശേഷം തിങ്കളാഴ്ച തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് വനമേഖലയിൽ പരാതിക്കാരൻ അടയാളപ്പെടുത്തിയ 11ാം പോയന്റിന് സമീപം അസ്ഥി കണ്ടെത്തിയത്.
നേത്രാവദി നദിക്കരയിലെ വനമേഖലയിലാണ് ഈ പ്രദേശം. നേരത്തേ തിരച്ചിലിന്റെ മൂന്നാം ദിവസം ആറാം പോയന്റിൽനിന്ന് 15ഓളം അസ്ഥിക്കഷണങ്ങൾ ലഭിച്ചിരുന്നു. ഇവ വിശദ പരിശോധനക്കായി ബംഗളൂരുവിലെ ലാബിലേക്ക് അയച്ചു. തിങ്കളാഴ്ച കണ്ടെടുത്ത അസ്ഥികളും നടപടിക്രമങ്ങൾ പൂർത്തിയാക്കി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
ശനിയാഴ്ച വരെ തുടർച്ചയായി അഞ്ചു ദിവസങ്ങളിലായി പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ 10 ഇടങ്ങളിൽ പ്രത്യേക സംഘം പരിശോധന പൂർത്തിയാക്കി. ബാക്കിയുള്ള 10 മുതൽ 13 വരെ പോയന്റുകൾ തിങ്കളാഴ്ച പരിശോധിക്കാനായിരുന്നു തീരുമാനം. എന്നാൽ, മൃതദേഹം കുഴിച്ചിട്ട മറ്റൊരു സ്ഥലം തനിക്ക് അറിയാമെന്ന് എസ്.ഐ.ടിയെ അറിയിച്ച പരാതിക്കാരന്റെ മൊഴി കണക്കിലെടുത്ത അന്വേഷണ സംഘം, 11ാം പോയന്റിന് പകരം പുതിയ ഇടത്തിൽ പരിശോധന നടത്തി.
മൂന്ന് അടിയോളം കുഴിച്ചപ്പോഴേക്കും സാരിയുടെ ഭാഗവും അസ്ഥി അവശിഷ്ടങ്ങളും കണ്ടെത്തി. തുടർന്ന് ഈ ഭാഗത്ത് പ്രത്യേകം മറ കെട്ടിയ അന്വേഷണ സംഘം ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ അസ്ഥികൾ ശേഖരിച്ചു. വൈകീട്ടോടെ 11ാം പോയന്റിലും തിരച്ചിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

