പൊലീസ് അതിക്രമത്തിന് ആറാണ്ട്; കാമ്പസിൽ ഒത്തുകൂടി ജാമിഅ മില്ലിയ വിദ്യാർഥികൾ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെ ജാമിഅ മില്ലിയ സർവകലാശാലയിൽ പൊലീസ് നടത്തിയ ക്രൂര അതിക്രമത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് കാമ്പസിൽ വിദ്യാർഥികൾ ഒത്തുകൂടി. 2019 ഡിസംബർ 15നാണ് അനുമതിയില്ലാതെ കാമ്പസിനകത്തേക്ക് ഇരച്ചുകയറിയ ഡൽഹി പൊലീസ് വിദ്യാർഥികൾക്കുനേരെ അതിക്രമം നടത്തിയത്.
ഇതോടനുബന്ധിച്ച് തിങ്കളാഴ്ച കാമ്പസിന്റെ സെൻട്രൽ കാന്റീന് മുന്നിൽ ജാമിഅയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ 500 ഓളം വിദ്യാർഥികളാണ് ഒത്തുകൂടി കാമ്പസിന് ചുറ്റും പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.
കാമ്പസിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയുണ്ടായി. ഇപ്പോഴും ജയിലിൽ കഴിയുന്ന വിദ്യാർഥികളെ ഉടൻ മോചിപ്പിക്കണമെന്നും പൊലീസ് അതിക്രമത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
2019ൽ ആയിഷ റെന്ന, ലദീദ ഫർസാന തുടങ്ങിയ വിദ്യാർഥി നേതാക്കളുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നാണ് പൗരത്വ ഭേദഗതിക്കെതിരായ വിദ്യാർഥി പ്രതിഷേധത്തിന് തുടക്കം കുറിച്ചതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനറൽ സെക്രട്ടറി നൗഷീൻ ഫാറൂഖ് പറഞ്ഞു. ഇരകളിൽ ആർക്കും ഒരു തരത്തിലുള്ള നീതിയും ലഭിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

