ആറു വർഷം: ദിവസക്കൂലിക്കാരുടെ ആത്മഹത്യ ഇരട്ടിയായി
text_fieldsന്യൂഡൽഹി: രാജ്യത്തെ ദിവസ വേതനക്കാരുടെ ആത്മഹത്യ നിരക്ക് ആറുവർഷത്തിനിടെ ഇരട്ടിയായി. ആത്മഹത്യ ചെയ്യുന്നവരിൽ വലിയൊരു വിഭാഗം പുരുഷന്മാരാണെന്നും നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കാർഷിക മേഖലയിൽനിന്നുള്ള ദിവസക്കൂലിക്കാരുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
2019ൽ ആത്മഹത്യ ചെയ്ത ദിവസ വേതനക്കാരുടെ എണ്ണം 32,563 ആണ്. ഇതിൽ 29,092 പേർ പുരുഷന്മാരും 3,467 പേർ സ്ത്രീകളും നാല് ട്രാൻസ്ജെൻഡേഴ്സുമാണ്.
ആറുവർഷം മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുേമ്പാൾ 2019ൽ ആത്മഹത്യ നിരക്ക് ഇരട്ടിയായിട്ടുണ്ട്. 1,39,123 ആണ് 2019ൽ ആകെ ആത്മഹത്യ ചെയ്തവരുടെ എണ്ണം(23.4 ശതമാനം). ഇതേ വർഷം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിലാണ് (5,186). മഹാരാഷ്ട്ര (4,128), മധ്യപ്രദേശ് (3,964), തെലങ്കാന (2,858), കേരളം (2,809) എന്നിവയാണ് പിറകിലുള്ളത്.
വ്യാപകമായ തൊഴിലില്ലായ്മ, മദ്യപാനം, സാമ്പത്തിക ഞെരുക്കം, ഗാർഹിക പീഡനം, കടബാധ്യത തുടങ്ങി വലിയൊരു മാനസികാരോഗ്യ പ്രതിസന്ധിയിലാണ് രാജ്യമുള്ളതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. 2019ൽ രാജ്യത്ത് മൊത്തം ആത്മഹത്യ ചെയ്തവരുടെ നാലിലൊന്ന് ദിവസക്കൂലിക്കാരാണെന്നും എൻ.സി.ആർ.ബി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

