ആന്ധ്രയിൽ വിവാഹസംഘം സഞ്ചരിച്ച ട്രാക്ടർ മറിഞ്ഞ് ആറു മരണം
text_fieldsഅമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ച ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞ് ആറുപേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുത്തലപ്പാട്ട് മണ്ഡലത്തിലെ ലക്ഷ്മയ്യ ഊരു ഗ്രാമത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് അപകടം. മരിച്ചവരിൽ ട്രാക്ടർ ഡ്രൈവറും രണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ചിറ്റൂർ, തിരുപ്പതി, വെല്ലൂർ ആശുപത്രികളിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ നിശ്ചയിച്ചിരുന്ന വിവാഹത്തിനായി വരനുമായുള്ള വിവാഹ പാർട്ടി ഐരാല മണ്ഡലിലെ ബലിജപ്പള്ളി ഗ്രാമത്തിൽ നിന്ന് ജെട്ടിപ്പള്ളി ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. അമിത വേഗത കാരണം ട്രാക്ടറിന് നിയന്ത്രണം നഷ്ടപ്പെട്ടതായി രക്ഷപ്പെട്ടവർ പൊലീസിനോട് പറഞ്ഞു. സുരേന്ദർ റെഡ്ഡി (52), വസന്തമ്മ (50), റെഡ്ഡമ്മ (31), തേജ (25), വിനിഷ (3), ദേശിക (2) എന്നിവരാണ് മരിച്ചത്.
വരൻ ഹേമന്ത് കുമാറും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ജെട്ടിപ്പള്ളി ഗ്രാമത്തിലെ ഭുവനേശ്വരിയുമായുള്ള വിവാഹം വ്യാഴാഴ്ച രാവിലെ നിശ്ചയിച്ചിരുന്നു. ചിറ്റൂർ ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും ചിറ്റൂരിലെ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

